കുരുമുളക് സ്പ്രേ പോലീസുകാരുടെ കണ്ണിലടിച്ച് രക്ഷപ്പെടാൻ ശ്രമം; കോട്ടയം തൃക്കൊടിത്താനത്ത് കഞ്ചാവും നിരോധിത മയക്കുമരുന്ന് ഗുളികയുമായി യുവാവ് പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: കഞ്ചാവും നിരോധിത മയക്കുമരുന്ന് ഗുളികയുമായി യുവാവിനെ പോലീസ് പിടികൂടി.
കുന്നന്താനം ഭാഗത്ത് മടക്കേൽ വീട്ടിൽ നാരായണൻകുട്ടി മകൻ നന്ദു (24) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾക്കെതിരെ ഇന്നലെ നടന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി രാത്രി പരിശോധനയ്ക്കിടയിൽ തൃക്കൊടിത്താനത്തുള്ള പെട്രോൾ പമ്പിന് സമീപം വച്ച് ഇയാളെ പിടികൂടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ഇയാൾ കയ്യിലിരുന്ന മയക്കുമരുന്ന് അടങ്ങിയ കവർ വലിച്ചെറിയുകയും കയ്യിൽ കരുതിയിരുന്ന കുരുമുളക് സ്പ്രേ പോലീസുകാരുടെ കണ്ണിലടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും, എന്നാൽ പോലീസ് ഇയാളെ അതിസാഹസികമായി പിടികൂടുകയുമായിരുന്നു. ഇയാളിൽ നിന്ന് കഞ്ചാവും മറ്റ് നിരോധിത മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തു.
തൃക്കൊടിത്താനം എസ്.എച്ച്.ഓ അജീബ്, എസ്.ഐ ബോബി വർഗീസ്,സി.പി.ഓ മാരായ സന്തോഷ്, അബ്ദുൾ സത്താർ, അനീഷ് ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.