വിഴിഞ്ഞം സമരം: ഇന്നത്തെ സമവായനീക്കങ്ങള്‍ ഫലം കണ്ടില്ല; ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളില്‍ പലതിലും ധാരണയിലെത്തിയില്ല; നാളെ വീണ്ടും ചര്‍ച്ച
സ്വന്തം ലേഖിക
തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്ത് തീര്‍പ്പാക്കാനുള്ള ഇന്നത്തെ സമവായനീക്കങ്ങള്‍ ഫലം കണ്ടില്ല.
ഒത്ത് തീര്‍പ്പ് നിര്‍ദ്ദേശങ്ങളില്‍ പലതിലും ധാരണയിലെത്തിയില്ല. ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ കൃത്യമായ ഉറപ്പ് നല്കിയാല് ചര്‍ച്ചക്ക് തയ്യാറെന്നാണ് സമരസമിതി നിലപാട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ സമരസമിതിയുമായി ചര്‍ച്ച നടത്തി അനുരജ്ഞനത്തിലെത്താനാണ് മന്ത്രിസഭാ ഉപസമിതി നീക്കം.
വിഴിഞ്ഞത്ത് സമവായത്തിനെത്തിനായി തിരക്കിട്ട ശ്രമങ്ങളാണ് ഇന്ന് നടന്നത്. സര്‍ക്കാറും മധ്യസ്ഥൻ്റെ റോളിലുള്ള കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവയും സമരസമിതിയും പലതട്ടില്‍ ആശയവിനിമയം നടത്തി.
വൈകീട്ട് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും യോഗം ചേര്‍ന്ന ശേഷം സമരസമിതിയുമായി ചര്‍ച്ച നടത്താനായിരുന്നു ധാരണ. എന്നാല്‍ അനുരജ്ഞന ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്ന നിര്‍ദ്ദേശങ്ങളില്‍ ഇനിയും വ്യക്തത ആകാത്തതിനാല്‍ സമരസമിതി-സര്‍ക്കാര്‍ ചര്‍ച്ച നടന്നില്ല.
തീരശോഷണം പഠിക്കാനുള്ള വിദഗ്ധസമിതിയില്‍ സമരസമിതി നിര്‍ദ്ദേശിക്കുന്ന പ്രതിനിധിയെ വെക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. തീരത്ത് നിന്നും മാറിതാമസിക്കുന്നവര്‍ക്കുള്ള വീട്ടുവാടക 5500 ല്‍ നിന്നും 8000 ആക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു.
എന്നാല്‍ കൂട്ടുന്ന തുക അദാനിഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും നല്‍കാനായിരുന്നു നീക്കം. ഇതിനെ സമരസമിതി എതിര്‍ത്തു.
സര്‍ക്കാര്‍ നല്കുന്ന ഉറപ്പുകള്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താന്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കാമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ഇതില്‍ സര്‍ക്കാരിന്റെയും സമരസമിതിയുടേയും പ്രതിനിധികള്‍ ഉണ്ടാകും. മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ വരെ തയ്യാറെന്ന സൂചന സമരസമിതി നല്‍കുന്നുണ്ട്.