play-sharp-fill
ചാനൽ അവതാരകൻ വേണുവിനെതിരെ കേസ്‌

ചാനൽ അവതാരകൻ വേണുവിനെതിരെ കേസ്‌

സ്വന്തം ലേഖകൻ

കൊല്ലം: ചാനൽ ചർച്ചയിലൂടെ സമൂഹത്തിൽ മതപരമായ വിഭജനവും വർഗീയതയും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മാതൃഭൂമി ന്യൂസ് വാർത്താ അവതാരകൻ വേണു ബാലകൃഷ്ണനെതിരെ ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ആർ ബിജുവാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കഴിഞ്ഞ ജൂൺ 7ന് മാതൃഭൂമി ചാനലിൽ സംപ്രേഷണം ചെയ്ത സൂപ്പർ പ്രൈം ടൈം പരിപാടിയിൽ ചർച്ച ആരംഭിച്ചുകൊണ്ട് വേണു നടത്തിയ പരാമർശങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന മതേതരത്വത്തേയും സമാധാന അന്തരീക്ഷത്തേയും തകർക്കുന്ന തരത്തിലുള്ളതാണെന്ന് പരാതിയിൽ പറയുന്നു. ചർച്ചയുടെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന സിഡി സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ‘മുസ്ലീം സഹോദരങ്ങളെ’ എന്ന് സമൂഹത്തിന്റെ ഒരു വിഭാഗത്തെ മാത്രം അഭിസംബോധന ചെയ്ത് സമൂഹത്തിൽ മതപരമായ വിഭജനവും വർഗീയതയും ഉയർത്താനുള്ള ശ്രമമാണ് നടന്നത്. രണ്ട് വ്യക്തികൾ തമ്മിൽ നടന്ന സംഘർഷത്തെ ഒരു വിഭാഗത്തിന് നേരെയുള്ള ആക്രമണമായി ചിത്രീകരിച്ചു. മതാചാരത്തെ അപമാനിച്ചു എന്ന തരത്തിൽ വക്രീകരണമുണ്ടാക്കി. ഇത് ഇന്ത്യൻ ശിക്ഷാ നിയമം 153 എ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 153 എ പ്രകാരമുള്ള കുറ്റകൃത്യത്തിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. പരാതി സ്വീകരിച്ച പൊലീസ് ആർ ബിജുവിന്റെ മൊഴിയെടുത്തു
വേണുവിന്റെ വിവാദമായ വാക്കുകൾ ഇങ്ങനെയാണ് ; ‘കേരളത്തിലെ മുസ്ലീം സഹോദരങ്ങളെ, നിങ്ങൾ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയിൽ കഴിയുകയാണ്. ആ നിങ്ങൾക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാർത്തിയത്. നോമ്പ് തുറക്കാൻ പോയവന് തുറുങ്ക് കിട്ടുന്ന നാടാണിത്.’ എടത്തലയിൽ ഉസ്മാൻ എന്ന യുവാവിനെ പൊലീസ് മർദിച്ചതിനെ കുറിച്ചുള്ള ചാനൽ ചർച്ചക്കിടെയാണ് വേണു ഇക്കാര്യങ്ങൾ പറഞ്ഞത്.