
സ്വന്തം ലേഖിക
വര്‍ക്കല: ബൈക്കില്‍ കയറ്റാത്തതിന്റെ വൈരാഗ്യത്തില്‍ 15 ദിവസം മുൻപ് വാങ്ങിയ പുതിയ ബൈക്ക് യുവാവ് തീവച്ചു നശിപ്പിച്ചതായി പരാതി.
വര്‍ക്കല പുല്ലാന്നികോട് സ്വദേശിയായ വിനീതിന്റെ ബൈക്കാണ് ഇന്നലെ രാത്രി കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ വന്‍ ശബ്ദംകേട്ട് വിനീതിന്റെ വീട്ടുകാരും അയല്‍വാസികളും ഉണര്‍ന്നപ്പോഴാണ് വിനീതിന്റെ വീടിന്റെ മുന്‍വശത്ത് പാര്‍ക്ക് ചെയ്‌തിരുന്ന ബൈക്ക് കത്തുന്നത് കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വണ്ടി പൂര്‍ണമായും നശിക്കുകയായിരുന്നു. വീടിന്റെ മേല്‍ക്കൂര തകര ‘ഷീറ്റായിരുന്നതിനാല്‍ തീപടര്‍ന്നില്ല. സമീപവാസിയായ വിനീതിന്റെ സുഹൃത്താണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.
കഴിഞ്ഞദിവസം രാത്രി പുതിയ ബൈക്കില്‍ സുഹൃത്തിനെ അയാളുടെ സഹോദരിയുടെ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടത് താന്‍ നിഷേധിച്ചു. ഇതിന്റെ വൈരാഗ്യത്തില്‍ സുഹൃത്ത് വണ്ടി കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വിനീത് പൊലീസിനോട് പറഞ്ഞു.
വീടിന് സമീപത്തുള്ള റോഡില്‍ വിനീത് സുഹൃത്തുമായി രാത്രി 10വരെ സംസാരിക്കുന്നത് കണ്ടതായി പരിസരവാസികള്‍ പറയുന്നു. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ വിനീതിന്റെ സുഹൃത്തിനുവേണ്ടി വര്‍ക്കല പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഏകദേശം 1.20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് സയന്റിഫിക് വിഭാഗം തെളിവുകള്‍ ശേഖരിച്ചു.