കേരളാ പൊലീസിലെ പെരും കള്ളനായ സിഐ ഒളിവിൽ തന്നെ; സംസ്ഥാനം വിട്ട വളാഞ്ചേരി എസ്എച്ച്ഒ സുനിൽദാസിനായി തമിഴ്നാട്ടിൽ അടക്കം വലവിരിച്ച് ക്രൈംബ്രാഞ്ച്!
തൃശൂർ : അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വെച്ച ക്വാറി ഉടമയെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും മലപ്പുറം വളാഞ്ചേരി സ്റ്റേഷനിലെ എസ്.എച്ച്.ഒയെ പിടികൂടാനാവാതെ അന്വേഷണ സംഘം. ഇയാള്‍ക്കായി തമിഴ്നാട്ടിലുള്‍പ്പെടെ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. സംഭവത്തില്‍ വളാഞ്ചേരി എസ് ഐയും ഇടനിലക്കാരനും നേരത്തെ അറസ്റ്റിലായിരുന്നു.
കേസ് ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച്, എസ്.ഐ ബിന്ദുലാലിനേയും, ഇടനിലക്കാരന്‍ അസൈനാരേയും കഴിഞ്ഞ മാസം 31ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയായ വളാഞ്ചേരി എസ്.എച്ച്.ഒ സുനില്‍ദാസിനെ തേടി ഗുരുവായൂരിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതറിഞ്ഞ് ഒളിവില്‍ പോയ സുനില്‍ ദാസ് മുന്‍കൂര്‍ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അറസ്റ്റ് തടയാന്‍ കോടതി വിസമ്മതിച്ചു.
ഇയാള്‍ സംസ്ഥാനം വിട്ടതായി അന്വേഷണ സംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്. തമിഴ്നാട്ടിലുള്‍പ്പെടെ ഇയാള്‍ക്കായി ക്രൈംബ്രാഞ്ച് ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള സംഘം തെരച്ചില്‍ തുടരുകയാണ്. വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. ക്രിമിനല്‍ ഗൂഡാലോചന, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാളുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനധികൃതമായി സ്‌ഫോടനവസ്തു ഉപയോഗിച്ച് കരിങ്കല്‍ ഖനനം നടത്തിയ കേസില്‍ അറസ്റ്റ് ഒഴിവാക്കി പ്രതികളെ രക്ഷിച്ചെടുക്കാൻ എസ്‌എച്ച്‌ഒയും എസ്‌ഐയും പറഞ്ഞ് ഉറപ്പിച്ച് വാങ്ങിയത് 22 ലക്ഷം രൂപയാണ്. കേരള പോലീസിന്റെ ചരിത്രത്തിൽ തന്നെ മധ്യനിരയിലെ പോലീസ് ഉദ്യോഗസ്ഥർ വാങ്ങുന്ന ഏറ്റവും വലിയ കൈക്കൂലിയാണിത്.
കൈക്കൂലിയുടെ നിരക്ക് കൃത്യമായി പറഞ്ഞ് ഇടനിലക്കാര്‍ വഴി നോട്ടുകെട്ടുകളായി തുക പോലീസ് ഉദ്യോഗസ്ഥര്‍ വാങ്ങിയെന്നാണ് മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഒരേ സ്റ്റേഷനില്‍ സിഐയായ യു.എച്ച്.സുനില്‍ ദാസും, എസ്‌ഐയായ ബിന്ദുലാല്‍ പള്ളത്തുമാണ് പോലീസിനാകെ അപമാനം വരുത്തിവച്ച കൈക്കൂലി കേസില്‍ പ്രതികളായത്. ഇരുവരും അടുത്ത ബന്ധുക്കളും ആണ്. എസ്‌ഐ ആയി ജോലി ചെയ്തുകൊണ്ടിരിക്കേയാണ് അതേ സ്റ്റേഷനിൽ നിന്ന് ബിന്ദുലാലിനെ തിരൂർ ഡിവൈഎസ്പി പി.പി.ഷംസ് അറസ്റ്റ് ചെയ്ത് റിമാൻഡില്‍ അയച്ചത്.
അന്നത്തെ ദിവസം അവധിയായത് കൊണ്ട് മാത്രം ഈ അത്യപൂർവ ഗതികേടില്‍ നിന്ന് തലനാരിഴക്ക് രക്ഷപെട്ട സിഐ സുനിൽദാസ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി തമിഴ്നാട്ടിൽ അടക്കം ക്രൈബ്രാഞ്ച് അന്വേഷണം നടത്തുകയാണ്