റബ്ബര്‍, ഏലം, തേയില, കാപ്പി മേഖലകളെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നു; റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ ഒരു കിലോയ്ക്ക് ചുരുങ്ങിയത് 250 രൂപ ലഭിക്കത്തക്ക വിധത്തില്‍ വില സ്ഥിരതാ ഫണ്ട് രൂപീകരിക്കാന്‍ 2500 കോടി രൂപ നീക്കി വയ്ക്കണം; തോമസ് ചാഴികാടന്‍ എംപി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: കേരളത്തിന്റെ പ്രധാന കാര്‍ഷികോത്പന്നങ്ങളായ റബ്ബര്‍, ഏലം, തേയില, കാപ്പി മേഖലകളെ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിക്കുകയാണന്ന് തോമസ് ചാഴികാടന്‍ എംപി ലോക്‌സഭയില്‍ ആരോപിച്ചു. കഴിഞ്ഞ ബജറ്റില്‍ റബ്ബര്‍ ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, ടീ ബോര്‍ഡ്, കോഫി ബോര്‍ഡ്, എന്നിവയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ മാറ്റിവച്ച പരിമിതമായ തുക ഇതിന് തെളിവാണ്.

തകര്‍ച്ച നേരിടുന്ന ഈ മേഖലയുടെ ഉണര്‍വിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ തുക മാറ്റിവയ്ക്കണമെന്ന് സപ്ലിമെന്ററി ഡിമാന്റ്‌സിനുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് എംപി ആവശ്യപ്പെട്ടു. വിലത്തകര്‍ച്ച നേരിടുന്ന റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ ഒരു കിലോയ്ക്ക് ചുരുങ്ങിയത് 250 രൂപ ലഭിക്കത്തക്ക വിധത്തില്‍ വില സ്ഥിരതാ ഫണ്ട് രൂപീകരിക്കാന്‍ 2500 കോടി രൂപ നീക്കി വയ്ക്കണമെന്നും അദ്ദേഹം ധനമന്ത്രിയോട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 ലക്ഷത്തിലധികം വരുന്ന ചെറുകിട നാമമാത്ര റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കിലോയ്ക്ക് 170 രൂപ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഉല്‍പാദന ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് അപര്യാപ്തമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ തുക കേന്ദ്ര സര്‍ക്കാര്‍ മാറ്റിവച്ച് റബ്ബര്‍ കര്‍ഷകരെ സഹായിക്കണം.

മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള 632 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ പാതയുടെ ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയായത് സ്വാഗതാര്‍ഗമാണ്. നിലവിലുളള മാനുവല്‍ സിഗ്‌നല്‍ സിസ്റ്റം ഓട്ടോമാറ്റിക്ക് സ്വിച്ചിംഗ് സിസ്റ്റത്തിലേക്ക് മാറ്റാന്‍ ആവശ്യമായ തുക അനുവദിച്ച് ഈ മേഖലയിലെ റെയില്‍ ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ 19 ടൂറിസം കേന്ദ്രങ്ങളെ ഐകോണിക് ടൂറിസം സെന്ററായി പ്രഖ്യാപിച്ചപ്പോള്‍ കുമരകവും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കുമരകത്തിന്റെ ടൂറിസം വികസനത്തിനായി ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. കോട്ടയത്തുനിന്ന് കുമരകം വഴി ചേര്‍ത്തലക്കുള്ള ടൂറിസം ഹൈവേ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നും ചാഴികാടന്‍ നിര്‍ദേശിച്ചു.

എംസി റോഡിന് സമാന്തരമായി തിരുവനന്തപുരത്ത് നിന്ന് അങ്കമാലിക്ക് നിര്‍ദ്ദേശിക്കപ്പെട്ട ഗ്രീന്‍ ഫീല്‍ഡ് ഹൈവേയും ദേശീയപാത 183 നെ ദേശീയ പാത 85മായി ബന്ധിപ്പിക്കുന്ന മണര്‍കാട്, ഊന്നുകല്‍, ഹൈവേയിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അംഗീകാരം നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ആയിട്ടില്ല. ഈ പദ്ധതിക്ക് ആവശ്യമായ തുകയും അനുവദിക്കണമെന്നും ചാഴികാടന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.