play-sharp-fill
തിരുവിതാംകൂർ ദേവസ്വം ബോ‍ര്‍ഡില്‍ മരാമത്ത് പണികളില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; പ്രവർത്തനങ്ങൾ രേഖകളില്‍ മാത്രം; കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ട്ക്കെട്ടെന്ന് വിജിലൻസ്; അഴിമതി കണ്ടെത്തിയവരെ പുറത്താക്കാന്‍ നീക്കം

തിരുവിതാംകൂർ ദേവസ്വം ബോ‍ര്‍ഡില്‍ മരാമത്ത് പണികളില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; പ്രവർത്തനങ്ങൾ രേഖകളില്‍ മാത്രം; കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ട്ക്കെട്ടെന്ന് വിജിലൻസ്; അഴിമതി കണ്ടെത്തിയവരെ പുറത്താക്കാന്‍ നീക്കം

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോ‍ര്‍ഡിലെ മരാമത്ത് പണികളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നെന്ന് ദേവസ്വം വിജിലന്‍സിൻ്റെ കണ്ടെത്തല്‍.


ദേവസ്വം പൊതുമാരാമത്ത് ഉദ്യോഗസ്ഥര്‍ തന്നെ ബിനാമിപ്പേരില്‍ കാരാറെടുക്കുകയും പണിചെയ്യാതെ ബോര്‍ഡില്‍ നിന്നും പണം വാങ്ങിയെന്നുമാണ് വിജിലന്‍സിൻ്റെ കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെ ആറു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ അഴിമതി പുറത്തുകൊണ്ടുവന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ പുറത്താക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം. ഈ ഉദ്യോഗസ്ഥരെയെല്ലാം ഉടനടി പൊലീസിലേക്ക് മടക്കി അയക്കാനുള്ള തീരുമാനത്തിലാണ് ദേവസ്വം വകുപ്പ്.

മാവേലിക്കര- കോട്ടയം ഡിവിഷനുകളിലാണ് ദേവസ്വം വിജിലന്‍സ് പരിശോധന നടത്തിയത്. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം നടന്ന 207 നിര്‍മ്മാണ പ്രവര്‍ത്തികളിലായിരുന്നു പരിശോധന.

2018-19 കാലയളവില്‍ മാവേലിക്കര ഡിവിഷനില്‍ മാത്രം നടന്നത് ഒരു കോടി 60 ലക്ഷത്തിന്‍റെ മരാമത്ത് പണികളാണ്. ഇതില്‍ മാത്രം 60 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് കണ്ടെത്തല്‍.

ദേവസ്വത്തിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവടങ്ങളിലെ മരാമത്ത് പണികളിലും ഫര്‍ണിച്ചര്‍ വാങ്ങിയതിലുമാണ് അഴിമതി. ടെണ്ടര്‍ വിളിക്കാതെ അടിയന്തര സാഹചര്യമെന്നു പറഞ്ഞാണ് പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.

കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവസ്വം പൊതുമരാമത്ത് നിര്‍മ്മാണം നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്തി ഗുണനിലവാരം പരിശോധിക്കണം. ഇതുനടക്കുന്നില്ല. കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നിരന്തരമായി ദേവസ്വത്തിന്‍റെ പണം കവരുന്നു.

പല പ്രവര്‍ത്തികളും നടത്തിയിരിക്കുന്നത് രേഖകളില്‍ മാത്രം. പണം നല്‍കിയ പല ബില്ലുകളിലും കരാ‍റുകാര്‍ ഒപ്പിട്ടില്ല. മുന്‍ ദേവസ്വം പ്രസിഡന്‍റിന്‍റെ പി.എയായി പ്രവ‍ര്‍ത്തിച്ച പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥന്‍റെ വാക്കാലുള്ള നിര്‍ദ്ദേശ പ്രകരം പോലും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തി കരാറുകാര്‍ പണം തട്ടിയതായി രേഖകളിലുണ്ട്.

ദേവസ്വം ബോ‍ര്‍ഡിൻ്റെ ഓഫീസുകളില്‍ ലക്ഷങ്ങളുടെ ഫര്‍ണിച്ചര്‍ എല്ലാ വര്‍ഷവും വാങ്ങുന്നുണ്ട്. വാങ്ങിയ ഫര്‍ണിച്ചറുകളൊന്നും സ്ഥാപനങ്ങളില്‍ ഇല്ല. രണ്ടു ഡിവിഷനുകളില്‍ ഒരു വര്‍ഷം ഇത്രയും അഴിമതി നടന്നതിനാല്‍ ദേവസ്വത്തിൻ്റെ കീഴിലുള്ള എല്ലാ ഡിവിഷനുകളിലും അന്വേഷണം നടന്നാല്‍ വലിയ അഴിമതി പുറത്തുവരുമെന്നും ദേവസ്വം വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

സംസ്ഥാന വിജിലന്‍സിന് കൈമാറി സമഗ്രമായ അന്വേഷണം വേണമെന്ന ദേവസ്വം വിജിലന്‍സിന്‍റെ ശുപാര്‍ശ ബോര്‍ഡ് അംഗീകരിച്ച്‌ സര്‍ക്കാരിന് കൈമാറി. ഈ അഴിമതി പുറത്തുകൊണ്ടു വന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡെപ്യുട്ടേഷന്‍ നീട്ടീ നല്‍കണമെന്നും ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഇത് ആഭ്യന്തര വകുപ്പും അംഗീകരിച്ചു.