കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ പത്ത് ദിവസത്തിനകം ഒഴിയാൻ നിർദ്ദേശം; നീതി തേടി വ്യാപാരികൾ സുപ്രീം കോടതിയിലേക്ക്; പെരുവഴിയാകുന്നത് 500 കുടുംബങ്ങൾ…!
സ്വന്തം ലേഖിക
കോട്ടയം: തിരുനക്കര സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ കൈവശംവച്ചിരിക്കുന്ന 52 ലൈസന്‍സികളോടും 10 ദിവസത്തിനകം ഒഴിഞ്ഞ് താക്കോല്‍ ഏൽപ്പിക്കാൻ നഗരസഭ ആവശ്യപ്പെട്ടു.
കെട്ടിട സമുച്ചയം പൊളിച്ചുനീക്കുന്നതിന് മുന്നോടിയായാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
എന്നാല്‍ ഈ സമുച്ചയത്തിന്റെ ഭാഗമായ രാജധാനി ഹോട്ടലിനു നോട്ടീസ് നല്‍കിയില്ല. സമുച്ചയത്തിന്റെ ഭാഗമല്ലാത്ത ടോയ്ലറ്റ് കെട്ടിടം നീക്കംചെയ്യുന്നതിന് അത് നിര്‍മിച്ച് പരിപാലിക്കുന്ന റോട്ടറി ക്ലബ്ബ് അധികൃതര്‍ക്കും നോട്ടീസ് നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ നോട്ടീസിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനാണ് ലൈസന്‍സികളുടെ തീരുമാനം. ഇതിനായി നിയമോപദേശം തേടിയതായി വ്യാപാരി പ്രതിനിധികള്‍ അറിയിച്ചു.
കഴിഞ്ഞ നഗരസഭായോഗം പുതിയ മന്ദിരനിര്മാണത്തിനുള്ള വിശദ പദ്ധതിരേഖ തയാറാക്കാന്‍ 75 ലക്ഷം രൂപ മാറ്റിവച്ചിരുന്നു. ഹൈക്കോടതി വിധി കെട്ടിടം പൊളിക്കാനാണെന്നും അത് വൈകുന്നത് കോടതി അലക്ഷ്യമാകുമെന്നും അധികൃതര്‍ വിശദീകരിച്ചു. അംഗങ്ങളില്‍ ഭൂരിഭാഗവും എതിര്‍പ്പ് അറിയിച്ചെങ്കിലും നടപടിയുമായി മുന്നോട്ടുപോകാന്‍ ഭരണാധികാരികള്‍ തീരുമാനിക്കുകയായിരുന്നു.
52 സ്ഥാപനങ്ങളിലായി 500 കുടുംബങ്ങളാണ് പ്രത്യക്ഷമായും പരോക്ഷമായും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. കെട്ടിടം പൊളിക്കലിന് ഹൈക്കോടതി നിര്‍ദേശം വന്നതുമുതല്‍ വ്യാപാരികള്‍ക്ക് അനിശ്ചിതാവസ്ഥയുണ്ട്. പക്ഷേ മേയ് 17ന്റെ നഗരസഭാകൗണ്‍സില്‍ തീരുമാനം അവര്‍ക്ക് കുറച്ചെങ്കിലും പ്രതീക്ഷ നല്കി. പുതിയ കെട്ടിടത്തിന്റെ വിശദ പദ്ധതി രേഖ തയാറാക്കി നടപടികളിലേക്ക് കടക്കുംവരെ ഒഴിപ്പിക്കല്‍ മാറ്റിവയ്ക്കുമെന്ന് ഉറപ്പുകിട്ടിയിരുന്നു.
ഘട്ടം ഘട്ടമായി കെട്ടിടം പൊളിക്കുകയും അവിടങ്ങളിലുള്ള വ്യാപാരികളെ മറ്റിടങ്ങളിലേക്ക് താത്കാലികമായി പുനരധിവസിപ്പിക്കുകയും ചെയ്യും എന്നതായിരുന്നു തീരുമാനം. നടപടികളിലേക്ക് കടക്കുംമുൻപ് നഗരസഭാ ചെയര്‍പേഴ്സണ്‍ ലൈസന്‍സികളുടെ യോഗം വിളിക്കാനും തീരുമാനിച്ചു. പക്ഷേ ഇതുവരെ ആ യോഗം ചേര്‍ന്നിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
രണ്ടുവര്‍ഷം അടഞ്ഞുകിടന്ന വ്യാപാരസ്ഥാപനങ്ങള്‍ പൂര്‍ണതോതില്‍ തുറന്ന് ആദ്യത്തെ ഓണക്കാലം മുന്നില്‍ നില്ക്കുമ്പോള് വാണിജ്യസമുച്ചയം പൊളിച്ചുനീക്കാനുള്ള നഗരസഭയുടെ തീരുമാനം വ്യാപാരികള്‍ക്ക് വെള്ളിടിയായിരിക്കുകയാണ്. ഓണക്കാലത്തേക്കുള്ള ചരക്ക് ശേഖരിച്ചുവച്ച് വലിയൊരു വ്യാപാരത്തിന് കാത്തിരിക്കുകയായിരുന്നു വ്യാപാരികള്‍.