ആക്രികച്ചവടത്തിന്റെ മറവില്‍ നിര്‍മാണം നടക്കുന്ന വീടുകള്‍ മുന്‍കൂട്ടി നോക്കിവെയ്ക്കും; രാത്രിയിൽ ഇവിടെയെത്തി മോഷണം നടത്തും; സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍
നിര്‍മാണത്തിലിരിക്കുന്ന വീടുകളിലെത്തി വയറിംഗ് സാധനങ്ങളടക്കം മോഷ്ടിക്കുന്ന മൂന്നംഗ സംഘത്തിലുള്‍പ്പെട്ട യുവാവ് അറസ്റ്റിൽ.
കാഞ്ഞിരപ്പള്ളി പാറക്കടവ് ഓരായത്തില്‍ അഹദ് ഫൈസല്‍ (22) നെയാണ് കാഞ്ഞിരപ്പള്ളി എസ്ഐ അരുണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കപ്പാട്, മൂന്നാം മൈല്‍, ആനക്കല്ല് മേഖലകളിലായിരുന്നു മോഷണം നടന്നത്. സംഭവത്തിലുള്‍പ്പെട്ട മറ്റു രണ്ടു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. ഇതിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കപ്പാട് നെല്ലിയാനിയില്‍ ജോജി സെബാസ്റ്റ്യന്‍, മൂന്നാം മൈല്‍ വട്ടവയലില്‍ ജോസഫ് ജോസഫ് എന്നിവരുടെ വീടുകളില്‍ ഞായറാഴ്ച രാത്രിയിലായിലായിരുന്നു മോഷണം നടന്നത്. തമ്പലക്കാട് – ആനക്കല്ല് റോഡിലുള്ള പനന്താനത്ത് ഹന്‍സല്‍ പി. നാസറിന്റെ നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്നു ഒരു മാസം മുൻപായിരുന്നു വയറിംഗ്, പ്ലംബിംഗ് സാധനങ്ങള്‍ കവര്‍ന്നത്.
ആക്രിക്കച്ചവടവടക്കാരായ സംഘം ഓട്ടോറിക്ഷയില്‍ കറങ്ങി നടന്നു കച്ചവടത്തിന്റെ മറവില്‍ നിര്‍മാണം നടക്കുന്ന വീടുകള്‍ മുന്‍കൂട്ടി മനസിലാക്കുകയും രാത്രി കാലങ്ങളില്‍ ഇവിടെയെത്തി മോഷണം നടത്തുകയുമായിരുന്നു പതിവെന്നു പൊലീസ് പറഞ്ഞു. മോഷണം നടന്നയിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ സ്വകാര്യ ഓട്ടോറിക്ഷയെപ്പറ്റി ലഭിച്ച വിവരമാണ് പ്രതിയെ പിടികൂടാന്‍ സഹായമായത്. മോഷണ സാധനങ്ങള്‍ കടത്താനുപയോഗിച്ച സനാജ് സലിം എന്നയാളുടെ ഉടമസ്ഥതയുള്ള ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂടാതെ മോഷ്ടിച്ചു വില്‍പ്പന നടത്തിയ വയറിംഗ് സാധനങ്ങളും ചെമ്പ് പാത്രമുള്പ്പെടെയുള്ള വീട്ടുപകരണങ്ങളും അക്രിക്കടയില്‍ നിന്നു പൊലീസ് കണ്ടെടുത്തു. പിടിയിലായ അഹദിന്റെ വീട്ടില്‍നിന്നു മോഷ്ടിച്ചുവെന്നു കരുതുന്ന ഇലക്ട്രിക്കല്‍ വയറുകളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.