
സ്വന്തം ലേഖിക
തളിപ്പറമ്പ്: കൈയിലുള്ള പണം പൊലിപ്പിച്ചെടുക്കാമെന്ന വാഗ്ദാനത്തില്‍ വീണ് ജീവിത സമ്പാദ്യം മുഴുവനും നഷ്ടമായവരുടെ അനുഭവത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ലെന്ന പാഠമായി തളിപ്പറമ്പിലെ
തട്ടിപ്പ്.
തളിപ്പറമ്പ് ക്രിപ്റ്റോ തട്ടിപ്പിലൂടെ അള്ളാംകുളം സ്വദേശിയായ യുവാവ് പതിനഞ്ചുമുതല്‍ 20 കോടിവരെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാസങ്ങള്‍ക്കു മുന്‍പാണ് ഇതിനു സമാനമായ മോറിസ് കോയിന് ക്രിപ്റ്റോ കറന്‍സി തട്ടിപ്പിലൂടെ നൂറുകോടി തട്ടിയ മലപ്പുറം സ്വദേശിയായ യുവാവും കൂട്ടാളികളും കണ്ണൂരില്‍ കുടുങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുപ്പതു ശതമാനം ലാഭവിഹിതം തിരിച്ചു നല്‍കുമെന്ന് പറഞ്ഞാണ് തളിപ്പറമ്പിലെ 22 വയസുകാരനായ യുവാവ് നൂറുകണക്കിനാളുകളില്‍ നിന്നായി ഒരുലക്ഷം മുതല്‍ ഒരുകോടിവരെ നിക്ഷേപമായി വാങ്ങിയത്. ഒരുലക്ഷം നല്‍കിയവര്‍ക്ക് 13ദിവസത്തിനകം 1,30,000 രൂപ ലഭിക്കുമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് . നിക്ഷേപകരെ വിശ്വസിപ്പിക്കുന്നതിനായി തളിപറമ്പ് കാക്കത്തോടിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സില്‍ ലോത്ത് ബ്രോക്ക് കമ്യൂണിറ്റിയെന്ന പേരില്‍ ഒരു ഡിജിറ്റല്‍ ഓഫീസും യുവാവ് തുടങ്ങിയിരുന്നു.
ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെ ചുരുങ്ങിയ സമയം കൊണ്ടു നിക്ഷേപങ്ങള്‍ക്ക് ലാഭമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ആദ്യഘട്ടത്തില്‍ ഇതു കൃത്യമായി പാലിച്ചതിനാല്‍ വിശ്വാസ്യതയും കൂടി.
ഇതോടെ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ആളുകള്‍ തയ്യാറായി.
മത്സ്യവില്പനക്കാര് തൊട്ട് വീട്ടമ്മമാര്‍വരെ മാന്ത്രിക വിദ്യയിലൂടെ ലാഭം നേടുന്നതിനായി ഇറങ്ങുകയായിരുന്നു.
കമ്പനി പൂട്ടുന്ന ദിവസം വരെ ഇവിടെ 40 ലക്ഷം നിക്ഷേപം ലഭിച്ചിരുന്നു. നികുതിയടക്കുന്നതില്‍ താല്‍പര്യക്കുറവുള്ളവരാണ് കൂടുതലും നിക്ഷേപം നല്കിയതെന്നതും ശ്രദ്ധേയമാണ്.
വ്യക്തമായ രേഖകളില്ലാത്തതിനാല്‍ പൊലീസില്‍ പരാതി നല്‍കാനും നിക്ഷേപകരില്‍ പലര്‍ക്കും കഴിയുന്നില്ല. നാല്പതു ലക്ഷം തട്ടിയെടുത്തെന്ന പരാതിയുമായി കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ച തളിപറമ്പ് സ്വദേശി നല്കിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ കഴിയാതെ പരാതി പിന്‍വലിക്കുകയായിരുന്നു. പണം കൊടുത്തതിന് നിക്ഷേപകരുടെ കൈയ്യില്‍ തെളിവായുള്ളത് നൂറുരൂപയുടെ എഗ്രിമെന്റുള്ള മുദ്രപേപ്പറാണ്. നിശ്ചിതകാലാവധി കഴിഞ്ഞാല്‍ ഇതു അസാധുവാകുമെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.
പരാതി നല്കിയാല് പൈസ തിരികെ കിട്ടില്ലെന്ന മുന്നറിയിപ്പുമായി ആരോപണവിധേയനായ യുവാവ് ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ ഇതിനിടെ രംഗത്തുവന്നു. താന്‍ വാങ്ങിയ പൈസയുടെ കണക്ക് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ല. വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു നല്‍കും. വാങ്ങിയത് ഞാന്‍ കൊടുക്കും. കോടികളുടെ നിക്ഷേപ തട്ടിപ്പില്‍ ആരോപണവിധേയനായ യുവാവ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.



