ക്ഷേത്രസന്നിധിയില്‍ തൊഴുത് നില്‍ക്കവേ മാല മോഷണം പോയി; കരഞ്ഞുനിലവിളിച്ച വീട്ടമ്മയ്ക്ക് വളകള്‍ ഊരി നല്‍കി പെട്ടെന്ന് അപ്രത്യക്ഷയായി ഒരു സ്ത്രീ; ഒറ്റ കളര്‍ സാരി ധരിച്ച് കണ്ണട വച്ച ആ സ്ത്രീ ആര്…?

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊട്ടാരക്കര: ക്ഷേത്രസന്നിധിയില്‍ തൊഴുത് നില്‍ക്കവേ മാല മോഷണം പോയപ്പോള്‍ നിലവിളിച്ച വീട്ടമ്മയ്ക്ക് രണ്ട് വളകള്‍ സമ്മാനിച്ച്‌ അജ്ഞാത സ്ത്രീ.

കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ട് വീട്ടില്‍ സുഭദ്രയുടെ (67) മാലയാണ് മോഷണം പോയത്. കശുവണ്ടിത്തൊഴിലാളിയായ സുഭദ്രയുടെ നിലവിളി കേട്ട് ഒറ്റ കളര്‍ സാരി ധരിച്ച, കണ്ണട വച്ച സ്ത്രീ അടുത്തെത്തി തന്റെ രണ്ട് വളകള്‍ ഊരി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടാഴി ദേവി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊട്ടാരക്കരയില്‍ നിന്ന് ബസിലെത്തി ക്ഷേത്ര സന്നിധിയില്‍ തൊഴുത് നില്‍ക്കവെയാണ് രണ്ട് പവന്റെ മാല മോഷണം പോയ കാര്യം സുഭദ്ര അറിഞ്ഞത്.
കരഞ്ഞുകൊണ്ടിരിക്കുന്ന വയോധികയുടെ അടുത്തെത്തിയ സ്ത്രീ, ‘അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്ര സന്നിധിയില്‍ എത്തി പ്രാര്‍ഥിക്കണം.’-എന്നു പറഞ്ഞുകൊണ്ടാണ് വളകള്‍ ഊരി നല്‍കിയത്.

ഈ സ്ത്രീ പിന്നെ എങ്ങോട്ടുപോയെന്ന് സുഭദ്രയ്ക്കറിയില്ല. രണ്ട് പവനോളം തൂക്കം വരുന്ന വളകള്‍ ആണ് നല്‍കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികള്‍ക്കും ആളെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഭര്‍ത്താവ് കെ. കൃഷ്ണന്‍കുട്ടി ആചാരിയോടൊപ്പം സുഭദ്ര മടങ്ങി.