
സോളാര്‍ പീഡനകേസില്‍ അടൂര്‍ പ്രകാശ് എംപിയ്‌ക്ക് ക്ലീൻ ചിറ്റ്; കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിബിഐ; തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖിക
പത്തനംതിട്ട: സോളാര്‍ പീഡനക്കേസില്‍ അടൂര്‍ പ്രകാശ് എം.പിയ്‌ക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്.
അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ അന്തിമ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. സോളാര്‍ പദ്ധതിയ്‌ക്ക് സഹായ വാഗ്‌ദാനം ചെയ്‌ത് പത്തനംതിട്ട പ്രമാടം സ്‌റ്റേഡിയത്തില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2012ല്‍ അടൂര്‍ പ്രകാശ് മന്ത്രിയായിരുന്ന സമയത്തായിരുന്നു സംഭവം. എന്നാല്‍ പരാതി നല്‍കിയതാകട്ടെ 2018ലും.
അടൂര്‍ പ്രകാശിനെതിരായ ആരോപണം സാധൂകരിക്കുന്നതിന് ശാസ്‌ത്രീയമായതോ, സാഹചര്യ തെളിവോ സാക്ഷിമൊഴികളോ ലഭിച്ചില്ലെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമാടം സ്‌റ്റേഡിയത്തിലെ പീഡന പരാതിയ്‌ക്ക് പുറമെ ബംഗളൂരുവില്‍ അദ്ദേഹം ഹോട്ടലില്‍ റൂമെടുക്കുകയോ ടിക്കറ്റ് അയച്ചുകൊടുക്കുകയോ ചെയ്‌തിട്ടില്ലെന്നാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമായത്.
പരാതിയില്‍ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നുമാണ് സിബിഐ സംഘം തിരുവനന്തപുരം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ക്രൈംബ്രാഞ്ച് ആദ്യം കേസന്വേഷിച്ചെങ്കിലും പുരോഗതിയില്ലാതെ വന്നതോടെ കേസ് സര്‍ക്കാര്‍ സിബിഐയ്‌ക്ക് നല്‍കി.
ഓഗസ്‌റ്റ് മാസത്തില്‍ കേസില്‍ സിബിഐ എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തു. തുടര്‍ന്ന് പരാതിക്കാരിയുടെയും അടൂര്‍ പ്രകാശിന്റെയും കേസില്‍ ആരോപണമുയര്‍ന്ന മറ്റുളളവരുടെയും മൊഴിയെടുത്ത് അന്വേഷിച്ചെങ്കിലും പരാതി സാധൂകരിക്കുന്നതൊന്നും കണ്ടെത്തിയില്ല.