
കൂട്ടത്തിലെ ചിലർക്ക് വനിതാ സാദൃശ്യം തോന്നിയത് പ്രശ്നമായി; ആവശ്യമായ സർട്ടിഫിക്കറ്റുകളെല്ലാം കാണിച്ചശേഷം പുറപ്പെട്ടു; തടസ്സങ്ങൾ താണ്ടി അവർ ആറുപേരെത്തി ശാസ്താവിനെ തൊഴുതുമടങ്ങി
സ്വന്തം ലേഖകൻ
ശബരിമല: ചെറിയ തടസ്സങ്ങൾ താണ്ടിയാണെങ്കിലും അവർ ആറുപേർ ശബരിമലയിലെത്തി അയ്യപ്പനെ നിറകൺ തൊഴുതു മടങ്ങി. ട്രാൻസ്‌ജെൻഡറുകൾക്ക് അയ്യപ്പ ദർശനത്തിന് തടസ്സമൊന്നുമില്ല. എന്നാൽ ട്രാൻസ് ജെൻഡറുകളാണെന്ന് അധികൃതർക്ക് ബോധ്യമാവണമല്ലോ. അതിനാണ് പെടാപ്പാട് പെടേണ്ടിവരുന്നതെന്ന് ബുധനാഴ്ച അയ്യപ്പദർശനത്തിനെത്തിയ സംഘത്തിലെ തൃപ്തി പറഞ്ഞു.
സുഹൃത്തുക്കളായ രഞ്ജു, അതിദി, ജാസ്മിൻ, സജ്ന എന്നിവരും ഹൃത്വിക് എന്ന മറ്റൊരു ട്രാൻസ്‌ജെൻഡറുമാണ് തൃപ്തിക്കൊപ്പമെത്തിയവർ. നിലയ്ക്കലിൽ പോലീസിന്റെ വക കർശനമായ പരിശോധനയായിരുന്നു. ഒരുഘട്ടത്തിൽ ദേഹപരിശോധന നടത്തുമോ എന്നുവരെ ആശങ്കപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യമായ സർട്ടിഫിക്കറ്റുകളെല്ലാം കാണിച്ചശേഷം അവിടെനിന്ന് പുറപ്പെട്ടു. പമ്പയിലെത്തിയപ്പോൾ പോലീസിന് വീണ്ടും സംശയം. കൂട്ടത്തിലെ ചിലർക്ക് വനിതാ സാദൃശ്യം തോന്നിയതായിരുന്നു പ്രശ്നം. ഒടുവിൽ എ.ഡി.എം. അർജുൻ പാണ്ഡെ സ്ഥലത്തെത്തി ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റുകളെല്ലാം പരിശോധിച്ചു. തുടർന്നാണ് മലകയറാൻ അനുവാദം കിട്ടിയത്.
ശസ്ത്രക്രിയ നടത്തി സ്ത്രീ ആയിട്ടില്ലെങ്കിൽ ട്രാൻസ്‌ജെൻഡറുകൾക്ക് മല കയറുന്നതിന് തടസ്സമൊന്നുമില്ലെന്നാണ് തന്ത്രി പറഞ്ഞത്. അക്കാര്യം ബോധ്യപ്പെട്ടതിനെത്തുടർന്ന് ആറുപേരേയും മല കയറാൻ അനുവദിക്കുകയായിരുന്നെന്ന് എ.ഡി.എം. അറിയിച്ചു.
വ്യക്തതയ്ക്കായി ശ്രമിച്ച പോലീസിനെ കുറ്റം പറയാനും പറ്റില്ല. കഴിഞ്ഞകാലങ്ങളിലെ വിവാദ സംഭവങ്ങളുടെ സാഹചര്യത്തിൽ സ്ത്രീകളല്ല വരുന്നതെന്ന് ഉറപ്പാക്കാനുള്ള ബാധ്യത അവർക്കുണ്ട്.
ഇവരുടെ കൂട്ടത്തിൽ രണ്ടുപേർ വിദ്യാർത്ഥികളാണ്. ബി.എ. കഥകളിക്ക് പഠിക്കുന്ന രഞ്ജുവും, മേക്കപ്പ് കോഴ്‌സിന് പഠിക്കുന്ന സജ്‌നയും. ബാക്കിയുള്ളവരെല്ലാം ബിസിനസ് ചെയ്യുന്നു.