
സ്വന്തം ലേഖകൻ
നിലമ്പൂർ: കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രയിലൊന്നാണ് ഷൊർണൂർ-നിലമ്പൂർ പാത. പ്രകൃതി മനോഹരമായ ഈ പാത ഇന്ന് അവഗണനയുടെ പടുകുഴിയിലാണ്. എന്നാൽ ഇന്ന് നഷ്ടക്കണക്കുകളുടെ കരിങ്കൽ ചീളുകൾ നിരത്തി ഈ പാതയെ പാടെ അവഗണിക്കുകയാണ് റെയിൽവേ.
ബംഗളൂരു, മൈസൂരു നഗരങ്ങളെ കേരളവുമായി ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കാവുന്ന നിലമ്ബൂർ നഞ്ചൻഗോഡ് പാതയുടെ നിർമ്മാണവും ഏതാണ്ട് ഉപേക്ഷിച്ച മട്ടിലാണ് റെയിൽവേ.നിലമ്പൂരിൽ നിന്നും തുടങ്ങി സുൽത്താൻ ബത്തേരി, തമിഴ്നാട്ടിലെ ദേവാല വഴി വനത്തിലൂടെ മൈസൂരിന് സമീപമുള്ള നഞ്ചൻഗോഡ് എത്തുന്നതാണ് പദ്ധതി. ദൂരം 236 കിലോമീറ്റർ. 4266 കോടിയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ഉൾപ്പെടെ ഈ വഴി ബംഗലൂരുവിലേക്ക് പോയാൽ 76 കിലോമീറ്ററാണ് ലാഭം. ഒപ്പം ഹൈദരാബാദ്, വിശാഖപട്ടണം, ഭുവനേശ്വർ, കൊൽക്കത്ത, നാഗ്പൂർ, ദില്ലി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഏറ്റവും എളുപ്പമാർഗ്ഗവും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷൊർണ്ണൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ചുങ്കത്തറ, ദേവാല, ഗൂഡല്ലൂർ, സുൽത്താൻ ബത്തേരി,നൻജൻഗോഡ് വഴി മൈസൂരിൽ എത്തുന്നതാണ് ഈ പാത.ഇവിടുത്തെ വിനോദസഞ്ചാരമേഖലയുടെ വികസനത്തിന് നിർണായക പങ്ക് വഹിക്കുവാൻ കഴിയുമെങ്കിലും റെയിൽവേ അതൊന്നും കണ്ടതായി നടിക്കുന്നില്ല.
ഷൊർണ്ണൂരിനും നിലമ്പൂർ റോഡിനുമിടയിൽ പത്ത് റെയിൽവേ സ്റ്റേഷനുകളാണുള്ളത്. വാടാനംകുറിശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്ബലം എന്നിവയാണ് മനോഹരങ്ങളായ ആ റെയിൽവേ സ്റ്റേഷനുകൾ.എല്ലാം ചെറിയ സ്റ്റേഷനുകളാണ്. ചെറുതെങ്കിലും ഗ്രാമീണഭംഗി വിളിച്ചോതുന്ന തീർത്തും ഉൾഗ്രാമത്തിലായാണ് സ്റ്റേഷനുകൾ. ബസ് റൂട്ട് കുറവായ ഈ നാട്ടുകാരുടെ പ്രധാന ആശ്രയവും ട്രെയിനാണ്.
കമൽ സംവിധാനം ചെയ്ത കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനും ഷൊർണൂർ-നിലമ്ബൂർ റെയിൽപാതയുമായിരുന്നു.നാദിയ കൊല്ലപ്പെട്ട രാത്രി,നമ്ബർ ട്വന്റി മദ്രാസ് മെയിൽ(പകുതിയിലേറെ ഭാഗങ്ങൾ) തുടങ്ങിയ സിനിമകളുടെ ചിത്രീകരണവും ഈ പാതയിലായിരുന്നു.
ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഈ തീവണ്ടിപ്പാത ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്‌ഗേജ് പാതകളിൽ ഒന്നാണ്. 66 കിലോമീറ്റർ മാത്രം നീളമുള്ള ഈ ഒറ്റവരി പാത പാലക്കാട് ജില്ലയിലെ ഷൊറണൂർ ജങ്ക്ഷനിൽനിന്നും പുറപ്പെട്ടു കോഴിക്കോട് ഊട്ടി പാത കടന്നുപോകുന്ന മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ അവസാനിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ എന്ന് നിസ്സംശയം പറയാവുന്ന പാതയിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്തവർ ആ അനുഭവം മറക്കില്ലെന്നുറപ്പാണ്. മൺസൂൺകാലമാണ് യാത്ര ചെയ്യാൻ ഉചിതമായ സമയം. മഞ്ഞും പച്ചപ്പും കൊണ്ട പ്രകൃതി തീർത്ത ഒരു ഹരിതഗുഹയിലൂടെയാണ് യാത്ര ചെയ്യുന്നതെന്ന തോന്നൽ ഏതൊരു യാത്രികനിലുമുണ്ടാവും. ഈർപ്പം നിറഞ്ഞ അന്തരീക്ഷവും ഭൂമിയിലേക്ക് തുളച്ചിറങ്ങാൻ പാടുപെടുന്ന സൂര്യപ്രകാശവും ചേർന്നൊരുക്കുന്ന സിംഫണി അവർണനീയമാണ്.
ഇനി അൽപ്പം ചരിത്രം പരിശോധിക്കാം. കേരളത്തിലെ ആദ്യത്തെ റെയിൽ പാതകളിലൊന്നാണ് ഷൊർണൂർ-നിലമ്പൂർ പാത. 1921 ൽ ബ്രിട്ടീഷ ഭരണകാലത്താണ് ഈ പാത ആരംഭിച്ചത്. നിലമ്പൂരിലെ തേക്ക് പുറംലോകത്തേക്ക് കടത്തുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. 1943 ൽ രണ്ടാംലോക മഹായുദ്ധകാലത്ത് ഈ തോട്ടത്തിൽ നിന്നും ഒമ്പത് ഏക്കറിലെ മരം സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കിയത് കടത്തിയതും ഇതേ പാത വഴിയായിരുന്നു.
ഷൊർണൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമ്പോൾ 11 സ്‌റ്റേഷൻ അകലെയാണ് നിലമ്പൂർ. വാടാനംകുറിശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം എന്നിവയാണവ. ഓരോ സ്‌റ്റേഷനുകളും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതായി അനുഭവപ്പെടും. പാതയുടെ ഇരുവശത്തും തേക്കുമരങ്ങൾ തലയുയർത്തി നിൽക്കുന്നത് കാണാം. കൊച്ചരുവികൾ, പുഴകൾ, പച്ചവിരിച്ച പാടങ്ങൾ എന്നിവ സഞ്ചാരികൾക്ക് സ്വാഗതമോതും. പലതരം ജന്തുജാലങ്ങളുടെ ആവാസസ്ഥലംകൂടിയാണ് ഈ പാത. അണ്ണാറക്കണ്ണന്മാരേയും ഉപ്പൻ കാക്കകളേയും മരംകൊത്തികളേയും മയിലുകളേയുമെല്ലാം കൺമുന്നിൽ കാണാം.
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജങ്ഷനിൽ നിന്ന് വളരെ കുറച്ച് മാത്രം സർവീസുകളുള്ള സ്റ്റേഷനിലേക്ക് നടത്തുന്ന ഒരു യാത്ര എന്നും ഷൊർണൂർ-നിലമ്പൂർ യാത്രയെ വിശേഷിപ്പിക്കാം. പട്ടിക്കാടിനും മേലാറ്റൂരിനും ഇടയിലായി വെള്ളിയാർ, മേലാറ്റൂരിനും തുവ്വൂരിനും ഇടയിലായി ഒലിപ്പുഴ, വാണിയംകുളത്തിനും നിലമ്പൂർ റോഡിനും ഇടയിലായി കുതിരപ്പുഴ എന്നീ പുഴകൾ ഒഴുകുന്നു. ഇതിൽ വെള്ളിയാറും ഒലിപ്പുഴയും കടലുണ്ടിപ്പുഴയുടേയും കുതിരപ്പുഴ ചാലിയാറിന്റേയും പോഷകനദിയാണ്. തേക്കിന് പുറമേ പടർന്ന് പന്തലിച്ച് നിൽക്കുന്ന ആൽമരങ്ങളും ഈ പാതയിലെ കാഴ്ചയാണ്. പല സ്റ്റേഷനുകൾക്ക് മുകളിലും കുടവിരിച്ചെന്ന പോലെയാണ് ഇവ നിൽക്കുന്നത്.
ആറ് ജോഡി പാസഞ്ചർ തീവണ്ടികളും ഒരു എക്‌സ്പ്രസ് ട്രെയിനുമാണ് ഷൊർണൂർ-നിലമ്പൂർ റൂട്ടിൽ എല്ലാ ദിവസവും സർവീസ് നടത്തുന്നത്. ഇതിൽ നാല് പാസഞ്ചർ തീവണ്ടികൾ ഷൊർണൂർ നിലമ്പൂർ പാതയിലോടുമ്പോൾ ഒരെണ്ണം നിലമ്പൂർ നിന്ന് പാലക്കാട്ടേക്കും മറ്റൊന്ന് എറണാകുളത്തേക്കും സഞ്ചരിക്കുന്നു. 16349/16350 നമ്പർ തിരുവനന്തപുരം-നിലമ്പൂർ റോഡ്-തിരുവനന്തപുരം രാജ്യറാണിയാണ് ഇതുവഴിയുള്ള ഏക എക്‌സ്പ്രസ് തീവണ്ടി. 16344/16343 തിരുവനന്തപുരം- പാലക്കാട് ടൗൺ-തിരുവനന്തപുരം അമൃത എക്പ്രസുമായി കൂട്ടി യോജിപ്പിച്ചാണ് ഇത് സർവീസ് നടത്തുന്നത്. രാവിലെ ആറേ അഞ്ചിന് ഷൊർണൂർ നിന്നെടുക്കുന്ന രാജ്യറാണി ഏഴേ ഇരുപതിന് നിലമ്പൂരെത്തും.
നിലമ്പൂരെത്തിയാൽ തേക്ക് മ്യൂസിയം, ആഢ്യൻപാറ വെള്ളച്ചാട്ടം. നിലമ്പൂർ കാട്, നിലമ്പൂർ കോവിലകം, എളമ്പാല മല എന്നിവിടങ്ങളും സഞ്ചാരപ്രേമികളെ കാത്തിരിക്കുന്നുണ്ട്. കുറഞ്ഞ ചെലവിൽ പ്രകൃതിയെ അടുത്തറിഞ്ഞ് വ്യത്യസ്തമായ ഒരു കുഞ്ഞുയാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ധൈര്യമായി ഷൊർണൂർ-നിലമ്പൂർ തീവണ്ടിയാത്ര തിരഞ്ഞെടുക്കാം.