
സ്വന്തം ലേഖിക
കൊല്ലം: സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന ആക്രമണങ്ങള്‍ ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎമ്മിന് മുന്നറിയിപ്പുമായി സിപിഐ.
ഏക വിദ്യാര്‍ഥി സംഘടനയെന്ന എസ്.എഫ്.ഐ നിലപാട് സ്ഥാപിച്ചെടുക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ കൃത്യമായ അജണ്ടയാണിതെന്ന് സിപിഐ കുറ്റപ്പെടുത്തുന്നു. കൊല്ലം എസ് എന്‍ കോളേജിലെ എസ്.എഫ്.ഐ എ.ഐ.എസ്.എഫ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഐയുടെ വിമര്‍ശനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലം എസ്.എന്‍ കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് സംഘര്‍ഷത്തിന് പിന്നാലെ കൂടിയ സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. കോളേജിലെ ആക്രമണങ്ങളെ യാദൃശ്ചികമായി പാര്‍ട്ടി കാണുന്നില്ല.
എസ്.എന്‍ കോളേജിനെ എസ്.എഫ്.ഐ ആയുധപ്പുരയാക്കി മാറ്റിയിരിക്കുകയാണ്. അക്രമം ഉണ്ടായപ്പോള്‍ പൊലീസ് നഷ്ക്രിയരായി നോക്കി നിന്നെന്നുമാണ് സിപിഐയുടെ ആരോപണം.
എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലം കോര്‍പ്പറേഷനില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ നിന്നും സി.പി.ഐ കൗണ്‍സിലര്‍മാര്‍ വിട്ടു നിന്നു. ചിന്നക്കടയില്‍ എസ്.എഫ്.ഐ ആക്രമണത്തിനെതിരെ നടന്ന പ്രകടനത്തില്‍ സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തു.
അതേസമയം എസ്.എഫ്.ഐ ആക്രമണത്തിനെതിരെ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ കൊല്ലത്ത് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. എസ്.എഫ്.ഐക്കെതിരെ സ്വന്തം മുന്നണിയിലുള്ളവര്‍ വലിയ പ്രതിഷേധം ഉയര്‍ത്തുമ്പോഴും സിപിഎം നേതൃത്വം ഇപ്പോഴും മൗനം തുടരുകയാണ്.