video
play-sharp-fill
സൗദി രാജകുമാരൻ കൊല്ലപ്പെട്ടു..? റിപ്പോർട്ടുകളുമായി മാധ്യമങ്ങൾ

സൗദി രാജകുമാരൻ കൊല്ലപ്പെട്ടു..? റിപ്പോർട്ടുകളുമായി മാധ്യമങ്ങൾ

സ്വന്തം ലേഖകൻ

റിയാദ്: സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ രംഗത്ത്. രാജകുമാരന്റെ തിരോധാനം ഒരു മാസം പിന്നിടുമ്പോഴാണ് വിശ്വസനീയമെന്നു തോന്നുന്ന റിപ്പോർട്ടുകളുമായി മാധ്യമങ്ങൾ എത്തുന്നത്. ഏപ്രിൽ 21ന് ശേഷം ഇദ്ദേഹം പൊതുവേദികളിൽ എത്താതായതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ കൊല്ലപ്പെട്ടുവെന്ന സൗദി ഇന്റലിജൻസിന്റെ റിപ്പോർട്ട് തങ്ങൾക്കു ലഭിച്ചുവെന്നാണ് ടെഹ്റാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘കഹ്യാൻ’ പത്രം റിപ്പോർട്ട് ചെയ്യുന്നത്.
റിയാദിന് നേർക്ക് ഹൂതി വിമതരുടെ ആക്രമണം ഉണ്ടായതിന് ശേഷമാണ് ഈ തിരോധാനമെന്നായിരുന്നു ഫാർസ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്. ഏപ്രിൽ 21 ന് സൗദി കൊട്ടാരത്തിന് പുറത്ത് വെടിയൊച്ച കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വെടിവെയ്പ്പിൽ എംബിഎസിന്റെ ശരീരത്ത് രണ്ട് ബുള്ളറ്റുകളെങ്കിലും കൊണ്ടതായാണ് കഹ്യാൻ ചീഫ് എഡിറ്റർ ഹൊസൈൻ ഷരിയത്മദാരി പറയുന്നത്.
എന്നാൽ റിപ്പോർട്ടിനെ അംഗീകരിക്കുകയോ തള്ളിക്കളയുകയോ ഭരണകൂടം ചെയ്തിട്ടില്ല. ഏപ്രിൽ 28 ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി സന്ദർശിച്ചിരുന്നു. എന്നാൽ ഇതിനോടനുബന്ധിച്ചൊന്നും മുഹമ്മദ് ബിൻ സൽമാൻ മാധ്യമങ്ങൾക്ക് മുൻപിലെത്തിയിട്ടില്ല. സൗദി രാജാവ് സൽമാനും വിദേശകാര്യമന്ത്രി അദേൽ അൽ ജുബൈറും പോംപിയോയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളേ പുറത്തുവന്നിരുന്നുള്ളൂ. പെട്ടെന്നുള്ള എംബിഎസിന്റെ അപ്രത്യക്ഷമാകലാണ് സംശയംങ്ങൾ ഉണർത്തുന്നത്.
ഭീഷണികളുടെ പശ്ചാത്തലത്തിൽ അദ്ദേഹം സൗദിയിൽ നിന്ന് മാറി നിൽക്കുകയാണെന്ന തരത്തിലും സൂചനകൾ പുറത്തുവരുന്നുണ്ട്. അഴിമതിക്കാരായ രാജകുടുംബാംഗങ്ങളെയും ഭരണകർത്താക്കളെയും തടവിലാക്കിയതടക്കം നിർണ്ണായക നീക്കങ്ങൾ എംബിഎസിൽ നിന്നുണ്ടായിരുന്നു.
കൂടാതെ സാമൂഹ്യ രംഗത്തും നിർണ്ണായക പരിഷ്‌കാരങ്ങളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നത്. സ്ത്രീകൾക്ക് ഡ്രൈവിംഗിനും സ്റ്റേഡിയത്തിൽ പ്രവേശനത്തിനും അനുമതി. വിവിധ മേഖലകളിൽ നിയമനം. അബായ ധരിക്കുന്നതിൽ ഇളവ് എന്നിവ പ്രഖ്യാപിച്ചിരുന്നു. കൂടാതെ 35 വർഷത്തെ സിനിമാ വിലക്ക് നീക്കി തിയേറ്ററുകൾ ആരംഭിക്കുകയും ചെയ്തിരുന്നു.അത്തരത്തിൽ ലോക ശ്രദ്ധയാകർഷിച്ച് സജീവമായി നിൽക്കെയാണ് പെട്ടെന്നുള്ള പിൻവാങ്ങലെന്നതാണ് ചോദ്യങ്ങളുയർത്തുന്നത്.