സാഞ്ചസ് യൂറോപ്യൻ ഫുട്ബോളിൽ തുടരും, മാഴ്സെയാകും പുതിയ  തട്ടകം

സാഞ്ചസ് യൂറോപ്യൻ ഫുട്ബോളിൽ തുടരും, മാഴ്സെയാകും പുതിയ തട്ടകം

ചിലിയുടെ അലക്സിസ് സാഞ്ചസ് യൂറോപ്യൻ ഫുട്ബോളിൽ കളിക്കുന്നത് തുടരും. ഫ്രാൻസിന്‍റെ സൂപ്പർക്ലബ്ബായ മാഴ്സെ ആകും പുതിയ ഹോം ഗ്രൗണ്ട്. 33 കാരനായ സാഞ്ചസ് കഴിഞ്ഞ മൂന്ന് വർഷമായി ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാനുവേണ്ടിയാണ് കളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇന്‍റർ താരത്തിന്റെ കരാർ റദ്ദാക്കാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് സാഞ്ചസ് സ്വതന്ത്ര ഏജന്‍റായി മാഴ്സെയിലേക്ക് കൂടുമാറുന്നത്. ട്രാൻസ്ഫർ ഈ ആഴ്ച തന്നെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. രണ്ട് വർഷത്തെ കരാറിലാണ് താരം ഒപ്പുവെക്കുന്നതെന്നും സൂചന.
ബാഴ്സലോണ,ആഴ്സനൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബുകളിൽ കളിച്ചശേഷമാണ് സാഞ്ചസ് 2019-ൽ ഇന്ററിലെത്തുന്നത്. ഇന്ററിനായി ഇതിനകം നൂറിലേറെ മത്സരങ്ങൾ കളിച്ച സാഞ്ചസ് 20 ​ഗോളും സ്വന്തം പേരിൽ എഴുതിച്ചേർത്തിട്ടുണ്ട്.