
ശബരിമലയില്‍ ഇനി പൂര്‍ണ രീതിയിലുള്ള തീര്‍ത്ഥാടനം: പന്ത്രണ്ട് സ്ഥലങ്ങളില്‍ സ്പോട്ട് ബുക്കിംഗ്; സന്നിധാനത്ത് ഭക്തര്‍ക്ക് താമസിക്കുന്നതിന് എല്ലാ മുറികളും തുറന്നു നൽകും; ശുചീകരണത്തിന് 1000 പേരുടെ വിശുദ്ധി സേന; പകർച്ചവ്യാധി തടയുന്നതിന് മുൻകരുതൽ
സ്വന്തം ലേഖിക
പത്തനംതിട്ട: ശബരിമലയില്‍ ഇക്കൊല്ലം പൂർണ്ണ രൂപത്തിലുള്ള തീര്‍ത്ഥാടനം ഒരുക്കാന്‍ കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചു.
ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ യോഗം വിലയിരുത്തി. ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ അദ്ധ്യക്ഷത വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ തീര്‍ത്ഥാടകരേ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ വകുപ്പുകളും തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കണം. നിലയ്ക്കൽ, സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ എല്ലാ ടോയ്ലറ്റ് കോംപ്ലക്സുകളും തുറന്നു നല്‍കാന്‍ തീരുമാനിച്ചു. പമ്പ ത്രിവേണിയിൽ നദിയിലെ അപകടാവസ്ഥ ഒഴിവാക്കുന്നതിനുള്ള ബാരിക്കേഡ് മുൻകൂട്ടി നിർമ്മിക്കും. ദേവസ്വം ബോർഡ് വെർച്വൽ ക്യൂ വിവരങ്ങൾ തിരക്കു നിയന്ത്രിക്കുന്നതിനായി പോലീസിന് മുൻകൂട്ടി കൈമാറണം.
ഇടത്താവളങ്ങളും നിലയ്ക്കലും ഉൾപ്പടെ 12 സ്ഥലങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് ഉണ്ടാവുക. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗിന് എട്ട് കൗണ്ടറുകൾ ഉണ്ടാവും.
സന്നിധാനത്ത് ഭക്തര്‍ക്ക് താമസിക്കുന്നതിന് എല്ലാ മുറികളും തുറന്നു നൽകും. വിരിവയ്ക്കുന്നതിന് വലിയ നടപ്പന്തൽ, മാളികപ്പുറം എന്നിവിടങ്ങളിലെ നടപ്പന്തലുകൾക്കു പുറമേ ഒൻപത് വിരി ഷെഡ്ഡുകൾ സജ്ജമാക്കും.
ദേവസ്വം ബോർഡിന്റെ ലേല നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ”
കാനനപാത ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കും. ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും ആംബുലൻസിന്റെയും വിന്യാസം, മരുന്നു സംഭരണം തുടങ്ങിയവയുടെ പ്രവർത്തനം ആരംഭിച്ചു. കൊതുകു നശീകരണത്തിനും പകർച്ചവ്യാധികൾ തടയുന്നതിനും മുൻകരുതൽ സ്വീകരിക്കും. ആന്റി വെനം ആശുപത്രികളിൽ ലഭ്യമാക്കും. എലിഫന്റ് സ്ക്വാഡ്, സ്നേക് സ്ക്വാഡ്, ഇക്കോ ഗാർഡ് എന്നിവരെ വനം വകുപ്പ് നിയമിക്കും.
അപകടകരമായ മരങ്ങളും ചില്ലകളും നീക്കം ചെയ്യും. കാനനപാത സമയബന്ധിതമായി തെളിക്കും. പൊതുമരാമത്ത് നിരത്തു വിഭാഗം റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കും. വിവിധ ഭാഷകളിലുള്ള സൂചനാ ബോർഡുകൾ റോഡുകളിൽ സ്ഥാപിക്കും. വാട്ടർ അതോറിറ്റി തീർഥാടകർക്കുള്ള കുടിവെള്ളം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തികളും ടെൻഡർ ചെയ്തു കഴിഞ്ഞു.
ആവശ്യമെങ്കിൽ അധിക ഷവർ യൂണിറ്റുകളും സ്ഥാപിക്കും. ബി എസ് എൻ എൽ കവറേജ് ഉറപ്പാക്കും. ബ്രോഡ്ബാൻഡ്, സിം കാർഡ് സേവനങ്ങളും ലഭ്യമാക്കും. കുടുംബശ്രീ തുണി സഞ്ചി വിതരണം നടത്തും. ചെങ്ങന്നൂർ, തിരുവല്ല റെയില്വേ സ്റ്റേഷനുകളിൽ ജില്ലാശുചിത്വമിഷൻ പ്ലാസ്റ്റിക്ക് കാരി ബാഗ് എക്ചേഞ്ച് കൗണ്ടർ സ്ഥാപിക്കും. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട സന്ദേശം വെർച്ച്‌വൽ ക്യൂ ടിക്കറ്റിലോ വെബ് സൈറ്റിലോ നല്കും.
ശബരിമല സേഫ്സോണ് പദ്ധതിയുടെ ഭാഗമായി കുട്ടിക്കാനം, എരുമേലി, ഇലവുങ്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷ ഉറപ്പാക്കും. വാഹനം അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള സേവനവും ഇതിന്റെ ഭാഗമായി ലഭ്യമാക്കും.
അയ്യപ്പസേവാസംഘം 24 മണിക്കൂറും പമ്പ, സന്നിധാനം, കരിമല എന്നിവിടങ്ങളിൽ അന്നദാനം നടത്തും. ഇതിനൊപ്പം സ്ട്രെച്ചർ സര്വീസും നടത്തും. ദുരന്തനിവാരണ വിഭാഗം പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലായി മൂന്ന് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ തുടങ്ങും. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
ഫയർഫോഴ്സ് പമ്പ, സീതത്തോട് എന്നിവിടങ്ങളിൽ സ്കൂബാ ടീമിനെ നിയോഗിക്കും. ജില്ലയിലെ അപകടകരമായ കടവുകളിൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ഇവിടെ ലൈഫ് ഗാർഡുകളെയും ശുചീകരണ തൊഴിലാളികളെയും നിയോഗിക്കും.
എക്സൈസ് വകുപ്പ് പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ കണ്ട്രോൾ റൂം പ്രവർത്തിപ്പിക്കും. മദ്യവും മറ്റ് ലഹരി വസ്തുക്കളും നിരോധിച്ചു കൊണ്ടുള്ള ബോർഡുകൾ എക്സൈസ് വകുപ്പ് സ്ഥാപിക്കും. വൈദ്യുതി ബോർഡ് ആവശ്യമായ വഴിവിളക്കുകൾ സ്ഥാപിക്കും. ശുചീകരണത്തിനായി 1000 വിശുദ്ധി സേനാംഗങ്ങളെ ശബരിമല സാനിറ്റേഷൻ സൊസൈറ്റി നിയോഗിക്കുമെന്നും കളക്ടര് പറഞ്ഞു.
പുനലൂർ – മൂവാറ്റുപുഴ റോഡിലെ അപകടസാധ്യത സ്ഥലങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണം. അയ്യപ്പ സേവാ സംഘത്തിന്റെ സ്ട്രെച്ചർ സര്വീസ് വിപുലമാക്കണം. പമ്പ ത്രിവേണിയിൽ തിരക്ക് നിയന്ത്രിക്കുന്നതിന് ബാരിക്കേഡ് ദേവസ്വം ബോർഡ് നിർമിക്കണമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു.