അഞ്ച് തവണ ബാഡ്ജ് ഓഫ് ഹോണർ; മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, കുറ്റാന്വേഷണ മികവിനുള്ള രാഷ്ട്രപതിയുടെ മെഡൽ ; പുരസ്‌കാരത്തിളക്കങ്ങൾക്ക് പിന്നാലെ കോട്ടയം വിജിലൻസ് എസ്പിയായി എസ് സുരേഷ്കുമാർ എത്തും
ഏ.കെ. ശ്രീകുമാർ
കോട്ടയം: സംസ്ഥാന പൊലീസ് സേനയിലെ മികച്ച ട്രാക്ക് റെക്കോർഡുള്ള പൊലീസ് ഉദ്യാഗസ്ഥനും ഹെഡ് ക്വാർട്ടേഴ്സ് ഇൻറലിജൻസ് എസ്പിയുമായ എസ് സുരേഷ്കുമാർ കോട്ടയം വിജിലൻസ് മേധാവിയായി എത്തും
രണ്ട് വർഷത്തിലേറെയായി ഇന്റലിജൻസ് എസ്പിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. മുൻപ് കോട്ടയം അഡീഷണൽ എസ്.പിയായും ജോലി ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം അഞ്ച് തവണയാണ് എസ്.സുരേഷ്‌കുമാറിനെ തേടിയെത്തിയിയത്. മൂന്ന് തവണ ലോ ആൻഡ് ഓർഡറിലും, രണ്ടു തവണ വിജിലൻസ് അന്വേഷണ സംഘത്തിന്റെ ഭാഗമായി ഇരുന്നപ്പോഴുമാണ് ബാഡ്ജ് ഓഫ് ഹോണറിന്റെ തിളക്കം സുരേഷ്‌കുമാറിനെ തേടിയെത്തിയത്. പിന്നാലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും, രാഷ്ട്രപതിയുടെ പൊലീസ് മെഡലും വാങ്ങി സേനയിലെ തന്നെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനെന്ന പേരിന് ഉടമയായി. ക്രമസമാധാന പാലത്തിനും, കുറ്റാന്വേഷണത്തിലും, അഴിമതിക്കെതിരായ പോരാട്ടത്തിലും ഒരേ നിലവാരം എന്നും കാത്തു സൂക്ഷിക്കാൻ സുരേഷ്‌കുമാറിന് സാധിച്ചിട്ടുണ്ട്.
നേരത്തെ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ആയിരിക്കെ പാമ്പാടിയിൽ മിമിക്രി കലാകാരൻ ലെനീഷിന്റെ കൊലപാതകക്കേസ് തെളിയിച്ചതോടെയാണ് ആദ്യമായി ഇദ്ദേഹത്തെ തേടി ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം എത്തുന്നത്. പൊലീസ് നടത്തിയ തന്ത്രപരമായ ഇടപെടലിനെ തുടർന്ന് ഒറ്റ ദിവസം കൊണ്ടു തന്നെ മൃതദേഹം തിരിച്ചറിയുകയും, പ്രതിയെ കണ്ടെത്തുകയും ചെയ്തു. ഈ കേസിലെ അന്വേഷണ മികവ് പരിഗണിച്ചാണ് സംസ്ഥാന പൊലീസ് മേധാവി ബാഡ്ജ് ഓഫ് ഓണർ നൽകി ആദരിച്ചത്.
തുടർന്ന് വിജിലൻസ് ഡിവൈഎസ്പി ആയിരിക്കെ രണ്ടു തവണയാണ് ഇദ്ദേഹത്തെ തേടി ബാഡ്ജ് ഓഫ് ഹോണറിന്റെ അംഗീകാരമെത്തിയത്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ രഹസ്യനീക്കങ്ങളിലൂടെ കുടുക്കിയതും, അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനും രണ്ടു തവണയാണ് ബാഡ്ജ് ഓഫ് ഹോണർ അണിയിച്ചത്. ഇതിനു ശേഷമാണ് സംസ്ഥാനം മുഴുവൻ കേന്ദ്രീകരിച്ച് നടന്ന എ.ടി.എം കവർച്ചാ കേസിലെ പ്രതികളെ വെളിച്ചത്തു കൊണ്ടുവന്ന ഓപ്പറേഷൻ നടത്തിയത്. ഈ കേസിൽ പൊലീസിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനി സുരേഷ് കുമാറായിരുന്നു. ഈ കേസിലും സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ തന്നെ ലഭിച്ചു.
ഇതിനെല്ലാം കൂടുതൽ തിളക്കമേറ്റിയാണ് 2020 ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചത്. സംസ്ഥാന പൊലീസിലെ കുറ്റാന്വേഷണത്തിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്ന ഉദ്യോഗസ്ഥനാണ് സുരേഷ്‌കുമാർ.
മുൻപ് കോട്ടയം വിജിലൻസിൽ ഡിവൈഎസ്പിയായി ജോലി ചെയ്ത് നിരവധി കൈക്കൂലിക്കാരെ പിടികൂടിയ അനുഭവ സമ്പത്തുമായാണ് സുരേഷ്കുമാർ കോട്ടയം ആസ്ഥാനമായുള്ള കിഴക്കൻ മേഖല വിജിലൻസ് മേധാവിയായി എത്തുന്നത്.