
സ്വന്തം ലേഖിക
മുക്കൂട്ടുതറ: ഒരു തെരുവുനായ മൂലം പേവിഷബാധയുടെ ഭീതി പരന്നിരിക്കുകയാണ് എരുമേലി പഞ്ചായത്തിന്റെ അതിര്‍ത്തി ഗ്രാമമായ വെച്ചൂച്ചിറയിലെ കുളമാംകുഴിയില്‍.
ദിവസവും പാല് നല്കുന്ന ആകെയുള്ള പശുവിന് പേവിഷബാധയുണ്ടെന്നറിഞ്ഞ് നിവൃത്തിയില്ലാതെ അതിനെ കൊല്ലേണ്ടി വന്നതിന്റെ ഹൃദയവേദനയിലാണ് ക്ഷീര കര്‍ഷകനായ അപ്പച്ചന്‍കുട്ടി. പേവിഷബാധ ഉണ്ടെന്നുള്ളത് അറിയാതെ പശുവിന്റെ പാല് കുടിച്ച പ്രദേശത്തെ നാട്ടുകാരില്‍ പലരുടെയും അവസ്ഥയാകട്ടെ അതിലേറെ സങ്കടകരവും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് സംഭവം. പരമ്പരാഗത ക്ഷീര കര്‍ഷകനായ ചെങ്ങഞ്ചേരില് അപ്പച്ചന്കുട്ടിയുടെ പശുവിനാണ് പേവിഷ ബാധയേറ്റത്. തെരുവുനായ പശുവിനെ ആക്രമിച്ചിരുന്നു. മുറിവേറ്റ പശു തൊഴുത്തില്‍ അസാധാരണമായ ശബ്ദവും പരാക്രമവും കാട്ടുന്നതു കണ്ട് വെറ്ററിനറി ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചപ്പോഴാണ് പേവിഷബാധയുണ്ടെന്ന് വ്യക്തമായത്.
ഇതോടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം പശുവിനെ കൊല്ലേണ്ടിവന്നു. കുത്തിവയ്പ് നല്‍കിയാണ് പശുവിനെ കൊന്നത്. സുരക്ഷാ മുന്‍കരുതല്‍ ഉറപ്പാക്കി ജഡം മറവുചെയ്തു.
പശുവിന്റെ പാല് വാങ്ങി കുടിച്ചവരോട് അടിയന്തര പ്രതിരോധ ചികിത്സ തേടാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി. പാല് തിളപ്പിച്ച് ഉപയോഗിച്ചവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകില്ലെന്നും എന്നാല്‍ ഈ പാല് കൊണ്ട് മോര്, തൈര് എന്നിവ ഉപയോഗിച്ചവര്‍ ശരിയായ പ്രതിരോധചികിത്സ സ്വീകരിക്കണമെന്നുമാണ് നിര്‍ദേശിച്ചത്.
പശുവിനെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷമുണ്ടെന്നുള്ളതിനാല് ജാഗ്രത പാലിക്കണമെന്നും നായയെ കണ്ടെത്തി പിടികൂടണമെന്നും പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നായയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കുകയാണ്. ഒപ്പം നാട്ടുകാര്‍ക്ക് കടിയേല്‍ക്കുന്ന സംഭവങ്ങളും പതിവായിമാറിയിരിക്കുന്നു.
എരുമേലിയുടെ കിഴക്കന്‍ മേഖലയില്‍ ഒട്ടേറെപ്പേരെ തെരുവുനായ കടിച്ചു. പലരും നാട്ടിലെ വളര്‍ത്തുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്കിക്കൊണ്ടിരിക്കുകയാണ്.
തെരുവുനായ നിയന്ത്രണ പരിപാടികള്‍ സമഗ്രമായി നടപ്പിലാക്കാതെ പ്രശ്നപരിഹാരമാകില്ല. അതിനായുള്ള ഫലപ്രദമായ നടപടികള്‍ ഊര്‍ജിതമായി അധികൃതര്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.