
സ്വന്തം ലേഖിക
കോട്ടയം: ഗുണനിലവാരമില്ലാത്ത ഫലവൃക്ഷ, പച്ചക്കറിത്തൈകളും വിത്തുകളും അലങ്കാര ചെടികളും വില്‍ക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപകമാകുന്നു.
നവമാധ്യമങ്ങള്‍ വഴിയാണ് തട്ടിപ്പേറെയും. കബളിപ്പിക്കപ്പെടുന്നവരിലേറെയും പുറത്തു പറയാന്‍ മടിക്കുന്നതിനാല്‍ തട്ടിപ്പ് അനുദിനം തുടരുകയാണ്. പെട്ടെന്നുള്ള കായ്‌ഫലം, ഏതു കാലാവസ്‌ഥയിലും അനുയോജ്യം, ചെലവു കുറവ് തുടങ്ങിയ വാഗ്‌ദാനങ്ങളാണ് ഇത്തരം സംഘങ്ങള്‍ നല്‍കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിശ്‌ചിത സമയം കഴിഞ്ഞിട്ടും വിളവ് ലഭിക്കാത്തപ്പോഴാണ് വഞ്ചന മനസിലാകുക. ഗുണനിലവാരം കുറഞ്ഞ തൈകള്‍ കൂടിയ വിലയ്‌ക്കു വാങ്ങി നിരവധി പേരാണു വഞ്ചിതരാകുന്നത്. പച്ചക്കറി വിത്തുകളും തൈകളും എവിടെയും ചെലവാകുമെന്നതും തട്ടിപ്പ് വ്യാപകമാക്കുന്നുണ്ട്.
വ്യാപകമായി കൃഷി ചെയ്യാന്‍ വലിയ തുക മുടക്കി കൂട്ടത്തോടെ തൈകള്‍ വാങ്ങി പരിചരിക്കുന്ന പലര്‍ക്കും നഷ്‌ടത്തിന്റെ കണക്കുകളാണു മിച്ചം.
ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും മറ്റും എത്തിച്ചു വിതരണം ചെയ്യുന്ന ഗുണനിലവാരമില്ലാത്ത വിത്തുകളും നടീല്‍ വസ്‌തുക്കളും വാങ്ങി കൃഷി ചെയ്യുന്നത് വിളവിനെ സാരമായി ബാധിക്കുന്നുണ്ടെന്നു കര്‍ഷകര്‍ പറയുന്നു. അതേസമയം അംഗീകാരമുള്ള നഴ്‌സറികള്‍ നടത്തുകയും ഉത്‌പാദനക്ഷമതയുള്ള തൈകള്‍ വിറ്റഴിക്കുകയും ചെയ്യുന്ന സ്‌ഥാപനങ്ങളുമുണ്ട്. പ്ലാവ്, തെങ്ങ്, ജാതി, റംബൂട്ടാന്‍, മാങ്കോസ്‌റ്റീന്‍, പേര, മാവ്, കമുക് തുടങ്ങിയ ഫലവൃക്ഷത്തൈകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്.
അനുയോജ്യമായ കാലാവസ്‌ഥയും ഭൂപ്രകൃതിയും തൈകള്‍ വച്ചുപിടിപ്പിക്കുന്നതിന് ഗുണകരമായതോടെ നിരവധിപേര്‍ തൈകള്‍ അന്വേഷിക്കുന്നുണ്ട്.
പച്ചക്കറി, അലങ്കാര ചെടികള്‍ കൃഷി ചെയ്യുന്നവരും കൂടിവന്നതോടെയാണ് ഈ മേഖലയില്‍ തട്ടിപ്പ് ഏറിവന്നത്. ഒന്നാം ലോക്ക്‌ഡൗണിനു ശേഷമാണ് ഇതു വ്യാപകമായി ആരംഭിച്ചത്.
ഫലവൃക്ഷത്തെകള്‍ക്ക് ഇത്തരം തട്ടിപ്പു സംഘങ്ങള്‍ വാങ്ങുന്നത് അഞ്ഞൂറു രൂപ മുതല്‍ മുകളിലേക്കാണ്. വാഹനങ്ങള്‍ വഴിയും ഇത്തരത്തില്‍ ഗുണനിലവാരമില്ലാത്ത തൈകള്‍ വിപണനം ചെയ്യുന്നവരുണ്ട്. പരാതികള്‍ വ്യാപകമായതോടെ സമഗ്ര നഴ്‌സറി ആക്‌ടിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍.
കര്‍ഷകനെ ചൂഷണം ചെയ്യുകയോ കബളിപ്പിക്കുകയോ ചെയ്‌തതായി തെളിഞ്ഞാല്‍ വില്‍പനക്കാര്‍ പിഴ നല്‍കുന്ന സംവിധാനം ഉടന്‍ നിലവില്‍വരും.
കര്‍ഷകനുണ്ടാകുന്ന നഷ്‌ടത്തിന്‍റെ തോത് തിട്ടപ്പെടുത്തിയാണു പിഴ ചുമത്തുക. കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്ന വിത്തുകളുടെയും നടീല്‍വസ്‌തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കാന്‍ കൃഷിവകുപ്പ് പുതുതായി തയാറാക്കുന്ന സമഗ്ര നഴ്‌സറി ആക്‌ടിലാണു പുതിയ വ്യവസ്‌ഥകള്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.