
സ്വന്തം ലേഖിക
കോട്ടയം: കേരളത്തിലെ പ്രധാനപ്പെട്ട ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നായ കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളീക്ഷേത്രത്തിലെ അഷ്ടബന്ധ സഹസ്രകലശം ഡിസംബര്‍ 9 മുതല്‍ 14 വരെ നടക്കും.
14ന് 11നും 12നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ അഷ്ടബന്ധ സഹ്രസകലശ സ്ഥാപനവും ബ്രഹ്മകലശാഭിഷേകവും നടക്കും. ഇതിനോടനുബന്ധിച്ചുള്ള സഹസ്രകലശമണ്ഡപത്തിന്റെ കാല്‍നാട്ടു കര്‍മം നവംബര്‍ 11ന് ഉച്ചയ്ക്ക് 12.10ന് ക്ഷേത്രം മേല്‍ശാന്തി പെരിയമന ഇല്ലത്ത് നാരായണന്‍ പോറ്റി നിര്‍വഹിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഷ്ടബന്ധ സഹസ്രകലശ ഓഫീസിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. ഫണ്ട് ഉദ്ഘാടനം കോടിമത അഞ്ജന ക്ലിനിക് ഡോ. സുരേഷ് നടത്തും.
ശ്രീപോര്‍ക്കലി ദേവിയാണ് ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്നത്. 8 കൈകളോടു കൂടിയ ഭദ്രകാളിദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.
അവയില്‍ രണ്ടു കൈകളാല്‍ ദാരികന്‍ എന്ന അസുരനെ നെടും ശൂലത്തില്‍ കുത്തികോര്‍ത്ത് ഉയര്‍ത്തിപിടിച്ചും മറ്റുകൈകളില്‍ വാള്‍, പരിച, പാത്രം, സര്‍പ്പം, മണി എന്നിവയും ധരിച്ച് വേതാളത്തിന്റെ കഴുത്തില്‍ ഇരിക്കുന്ന ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. വേദസ്വരൂപിണിയായ പള്ളിപ്പുറത്തുകാവിലമ്മ സര്‍വ വിദ്യാസ്വരൂപിണിയുമാണ്.
കൃഷ്ണ ശിലയിലാണ് ഈ വിഗ്രഹം തീര്‍ത്തിരിക്കുന്നത്. മലയാള ഗദ്യഭാഷയുടെ പിതാവും ഐതിഹ്യമാല എന്ന കൃതിയുടെ കര്‍ത്താവുമായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കുടുംബപരദേവതയുമാണ് പള്ളിപ്പുറത്തു കാവിലമ്മ.
മറ്റു ഭദ്രകാളിക്ഷേത്രങ്ങളിലുള്ള എല്ലാ വഴിപാടുകളും ഇവിടെ നടത്തി വരുന്നു. എന്നാല്‍ തീയ്യാട്ട് എന്ന അനുഷ്ഠാനമാണ് പ്രധാനം. എല്ലാ വെള്ളിയാഴ്ചയും ഭരണി നക്ഷത്രത്തിലും ഇവിടെ തീയ്യാട്ടുണ്ട്.
ക്ഷേത്രത്തില്‍ കാലാകാലങ്ങളായി വിധിപ്രകാരം നടത്തേണ്ട എല്ലാവിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചെയ്തു വരുന്നുണ്ട്. അതില്‍ അത്യപൂര്‍വമായി മാത്രം നടത്തുന്ന ഒന്നാണ് അഷ്ടബന്ധ സഹസകലശം. 15 ലക്ഷത്തോളം രൂപ ഇതിനായി ചെലവ് വരുമെന്ന് ഭാരവാഹികളായ കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് സെക്രട്ടറി ശശിധര ശര്‍മ, കണ്ണന്‍ പള്ളിപ്പുറത്ത് കാവ്, എം.കെ രാമചന്ദ്രന്‍, അഡ്വ.അനില്‍ ഡി കര്‍ത്ത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.