
സ്വന്തം ലേഖിക
കോയമ്പത്തൂര്‍: വിവാഹചെലവിന് പണം കണ്ടെത്താനായി വൃദ്ധനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ യുവാവും പെണ്‍സുഹൃത്തിനെയും നാട്ടുകാര്‍ പിടികൂടി.
കോയമ്പത്തൂരിലെ വടവള്ളിക്ക് സമീപം ബൊമ്മനംപാളയത്താണ് വൃദ്ധനെ കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിയും യുവാവും പിടിയിലായത്. എ ദിനേശ് കുമാര്‍ (23), ഡി സെന്‍ബാഗവല്ലി എന്ന പ്രിയ (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൊമ്മനംപാളയം വില്ലേജിലെ മാരിയമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ താമസിക്കുന്ന ആര്‍ പെരിയ രായപ്പന്‍ (76) ഭാര്യ രാജമ്മാളിനൊപ്പം താമസിക്കുകയാണ്. വെള്ളം ചോദിച്ചാണ് ഇരുവരും വീട്ടിലെത്തിയത്. രായപ്പന്‍ തനിച്ചാണെന്ന് ഉറപ്പാക്കിയ ഇരുവരും വൃദ്ധനെ കെട്ടിയിടുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് പ്രതികള്‍ 1500 രൂപയും 18 ഗ്രാം സ്വര്‍ണവും കൈക്കലാക്കി വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വയോധികന്റെ മകന്‍ ബാബു വീട്ടിലെത്തി. മകന്‍ നിലവിളിച്ച് അയല്‍വാസികളുടെ സഹായത്തോടെ അവരെ പിടികൂടി പൊലീസില്‍ അറിയിച്ചു. പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.
നേരത്തെയും പ്രതികള്‍ പ്രായമായവരെ കൊള്ളയടിച്ചിരുന്നതായും പൊലീസ് പറഞ്ഞു. നഗരത്തിലെ മുല്ലൈ നഗറിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന മറ്റൊരു വയോധികന്റെ 28,000 രൂപയും മൊബൈല്‍ ഫോണും ഇരുവരും കവര്‍ച്ച ചെയ്തതായി പൊലീസ് പറഞ്ഞു. എഞ്ചിനീയറിംഗ് ബിരുദധാരികളായ ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. പ്രതികള്‍ വിവാഹത്തിന് പണം കണ്ടെത്തുന്നതിനായാണ് മോഷണശ്രമം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.