റിയാദ് : എബോള വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കെനിയയിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ച് സൗദി അറേബ്യ. കെനിയൻ പൗരന്മാർക്ക് നൽകി വരുന്ന എല്ലാത്തരം വിസകളും താത്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
രാജ്യത്തെ പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനായി ആരോഗ്യമേഖലയിലെ വിദഗ്ധർ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കഴിഞ്ഞ മെയ് മാസം മുതൽ സൗദി അറേബ്യ ഘട്ടങ്ങളായി നടപ്പിലാക്കിവരുന്ന പ്രതിരോധ നിയന്ത്രണങ്ങളുടെ തുടർച്ചയായാണ് കെനിയയ്ക്ക് മേലും യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
എബോള ഭീഷണി നിലനിൽക്കുന്ന കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് സ്വദേശികൾ യാത്ര ചെയ്യുന്നതിന് നേരത്തെ തന്നെ സൗദി ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു.
നിലവിൽ രാജ്യത്ത് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രാലയ അധികൃതർ നിർദേശിച്ചു. വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുകയാണെങ്കിൽ ആഫ്രിക്കൻ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.






