ഉഴവൂർ ; രാത്രിയുടെ മറവില്‍ അടഞ്ഞുകിടക്കുന്ന പമ്പുകളെ ലക്ഷ്യമിട്ടിരിക്കുകയാണ് മോഷ്ടാക്കള്‍.
കള്ളൻമാർ വിലസുമ്പോള്‍ പമ്പ് ഉടമകള്‍ക്ക് നെഞ്ചിടിപ്പാണ്. ഒരു മാസത്തിനിടെ മരങ്ങാട്ടുപള്ളിയിലും ഉഴവൂരിലുമായി രണ്ട് പെട്രോള്‍ പമ്പുകളില്‍ നിന്ന് കവർന്നത് രണ്ടര ലക്ഷത്തോളം രൂപ. പൊലീസ് സ്റ്റേഷന് തൊട്ടുമുന്നില്‍ നടന്ന മോഷണത്തില്പ്പോലും പ്രതികളെ പിടികൂടാൻ കഴിയാത്തതും നാണക്കേടായി.ഉഴവൂർ ടൗണിലെ പമ്പില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 12.44ഓടെയാണ് ഒന്നര ലക്ഷത്തോളം രൂപ കവർന്നത്. അപരിചിതരായ രണ്ടുപേർ പമ്പിന്റെ ഓഫീസ് മുറിയുടെ പൂട്ട് തകർത്താണ് അകത്തുകടന്നത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന സേഫ് ഇരുവരും ചേർന്ന് പൂർണമായും എടുത്തുമാറ്റി. തുടർന്ന് സമീപത്തെ കൃഷിയിടത്തിലെത്തിച്ച് സേഫ് കുത്തിത്തുറന്ന് പണവുമായി കടന്നുകളയുകയായിരുന്നു.
മുഖം മറച്ചെത്തിയ രണ്ടുപേരുടെ ദൃശ്യങ്ങള്‍ പമ്പിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പമ്പ് ഉടമ പൊലീസില്‍ പരാതി നല്കി. സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും കൈമാറിയിട്ടുണ്ട്.
ഇതിന് കൃത്യം ഒരു മാസം മുമ്പാണ് മരങ്ങാട്ടുപള്ളിയിലെ പെട്രോള്‍ പമ്പില്‍ സമാനമായ മോഷണം നടന്നത്. പൊലീസ് സ്റ്റേഷന് നേരെ എതിർവശത്തുള്ള പമ്പില്‍നിന്നാണ് അന്ന് 70,000 രൂപയ്ക്കും ഒരു ലക്ഷത്തിനും ഇടയില്‍ തുക കവർന്നത്. ഈ കേസിലെ പ്രതികളും കാണാമറയത്താണ്.
രാത്രികാല പട്രോളിംഗ് ശക്തമാക്കണം
ഒരേ മേഖലയിലെ പെട്രോള്‍ പമ്പുകള്‍ തുടർച്ചയായി മോഷ്ടാക്കള്‍ ലക്ഷ്യമാക്കുമ്പോഴും രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കാൻ നടപടിയില്ലെന്നാണ് ആക്ഷേപം. പമ്പുകളെയും വ്യാപാര സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് മോഷണങ്ങള്‍ ആവർത്തിക്കുമ്പോള്‍ പൊലീസ് കൂടുതല്‍ ജാഗ്രത പുലർത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.






