തിരുവനന്തപുരം: പിഎസ്സി നടത്തുന്ന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിവൈഎസ്പി) സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പരീക്ഷയില്‍ മുൻ എസ്എഫ്ഐ നേതാവിനായി ക്രമക്കേട് നടന്നതായി പരാതി.
കെ ജെ ജിതിനെതിരെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. പരീക്ഷയില്‍ ക്രമക്കേട് നടത്തി ഒന്നാം റാങ്ക് നല്‍കുകയും നിയമന ശുപാർശ നല്‍കുകയും ചെയ്തതായാണ് പരാതി.
പൊലീസ് ബറ്റാലിയൻ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ പ്രധാന ലിസ്റ്റില്‍ പോലും ജിതിൻ ഉള്‍പ്പെട്ടിട്ടില്ല. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിതിന് ട്രെയിനിംഗിനായി നല്കിയ അനുമതിയും നിയമന ഉത്തരവും തടയണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. എറണാകുളം ജില്ലയിലെ വിവിധ കോളേജ് പ്രിൻസിപ്പല്‍മാരെ കയ്യേറ്റം ചെയ്തതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഉള്‍പ്പെടെ നിരവധി എഫ്ഐആറുകള്‍ ജിതിന്റെ പേരില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
2025 സെപ്തംബറിലാണ് ഡിവൈഎസ്പി തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചത്. ഡിസംബർ 25ന് എഴുത്തുപരീക്ഷ നടന്നു. 2026 മാർച്ചില്‍ ഫിസിക്കല്‍ ടെസ്റ്റും ഏപ്രിലില്‍ അഭിമുഖവും പൂർത്തിയാക്കി. മേയ് ആറിനാണ് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. പിഎസ്സി ചെയർമാൻ എംആർ ബൈജു അഭിമുഖത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നു.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ പരീക്ഷാ വിജ്ഞാപനത്തിലും പിഎസ്സിയിലെ ഉന്നതർ തിരുത്തല്‍ വരുത്തിയതായി എസ്ഐടി കണ്ടെത്തിയതിന് പിന്നാലെയാണ് പിഎസ്സിക്കെതിരെ പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. പരീക്ഷാ - നിയമന തട്ടിപ്പുകള്‍ക്ക് പിന്നില്‍ ചെയർമാനും രാഷ്ട്രീയക്കാരായ മൂന്നംഗങ്ങളും അറസ്റ്റിലായ രണ്ടു ഉദ്യോഗസ്ഥരുമടങ്ങിയ ആറംഗ കോർഗ്രൂപ്പാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.






