തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം 120ാം ദിവസത്തിലേക്ക്. കേരള ചലോ എന്ന പേരില്‍ നടത്തുന്ന പ്രതിഷേധം ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ നടക്കും.
സമരസമിതി സെക്രട്ടറി വളര്‍മതിയുടെ നിരാഹാര സമരവും എട്ടു ദിവസമായി തുടരുകയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സമരസമിതി. ഇനി ചര്‍ച്ചയ്ക്ക് ഇല്ലെന്നും പരിഹാരമാണ് വേണ്ടതെന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.
മുന്‍ എസ്എഫ്ഐ നേതാവിന് വേണ്ടി അസാധാരണ വേഗത്തില്‍ ഇടപെടല്‍; പിഎസ്സിക്കെതിരെ വീണ്ടും പരാതി
നീതി കിട്ടുന്നത് വരെ സമരം കടുത്ത രീതിയില്‍ തന്നെ തുടരുമെന്ന് വളര്‍മതി ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ന് 11 മണിയോടെ പ്രതിഷേധം ആരംഭിക്കും. അറിയാത്ത വിഷയങ്ങളെ കുറിച്ച് പറയാന്‍ വേണ്ടിയാണ് ചര്‍ച്ച. എന്താണ് ഇപ്പോഴത്തെ പ്രശ്നമെന്നും എങ്ങനെ പരിഹരിക്കാമെന്നുമുള്ള നിര്‍ദേശങ്ങളാണ് ഞങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. അത് കൃത്യമായി പഠിക്കാനുള്ള സമയവും ഞങ്ങള്‍ അനുവദിച്ചിരുന്നു. കൃത്യമായി ചെയ്തോ എന്നുള്ളതാണ് സംശയം. പഠിച്ചിരുന്നെങ്കില്‍ അവര്‍ക്ക് വേറൊരു അഭിപ്രായം വരില്ലായിരുന്നു. ഒരുപാട് അധ്യാപകര്‍ പുറത്തുണ്ട്. അവര്‍ പുറത്ത് നില്ക്കാതിരിക്കാന് വേണ്ടിയാണ് അനുപാതെ കുറയ്ക്കാന്‍ പറയുന്നത്. തുടര്‍ച്ചയായി ഞങ്ങള്‍ ഈ വിഷയം പറഞ്ഞുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക ബാധ്യത വരും എന്ന് പറയുന്നതില്‍ കഴമ്പില്ല. മുന്നോട്ട് വച്ച അഞ്ച് വിഷയങ്ങളും പരിഗണിച്ചുകൊണ്ടുള്ള ഒരു ഉത്തരവാണ് പ്രതീക്ഷിക്കുന്നത്. അല്ലാതെ, ഒരു ചര്‍ച്ചയുടെ ആവശ്യമില്ല - വളര്‍മതി പറഞ്ഞു.
പ്രതീകാത്മകമായി പുല്ലുതിന്നും, മണ്ണ് തിന്നും, മൃതദേഹങ്ങളായും ഉദ്യോഗാര്‍ഥികള്‍ സമരം കടുപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതോടെയാണ് വളര്‍മതി തലമുണ്ഠനം ചെയ്ത് പ്രതിഷേധം ആരംഭിച്ചത്.






