മലപ്പുറം: കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിക്കെതിരേ മുസ് ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തില്‍ പ്രമേയം. സൗജന്യ യാത്രാ പദ്ധതിയായ പ്രിയദര്‍ശനിയില്‍ പുനഃപരിശോധന വേണമെന്നാവശ്യപ്പെട്ട് മുസ് ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്ത് പ്രമേയം പാസാക്കി.
സ്ഥിരവരുമാനവും ആനുകൂല്യങ്ങളും ലഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ സൗജന്യ യാത്രാ പദ്ധതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറം ഒതുക്കുങ്ങല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഖമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്. ഇതാദ്യമായാണ് പദ്ധതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിനുള്ളില്നിന്ന് തന്നെ ഇത്തരത്തിലുള്ള ആവശ്യം പരസ്യമായി ഉയരുന്നത്.
സ്ഥിരവരുമാനവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് സാമൂഹിക നീതിയുടെയും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിന്റെയും പശ്ചാത്തലത്തില്‍ പുന പരിശോധിക്കണം. സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്രാ പദ്ധതിയുടെ സാമൂഹിക ലക്ഷ്യത്തെ ഭരണസമിതി അംഗീകരിക്കുന്നു. എന്നാല്‍, യാത്രക്കാരുടെ കുറവ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും ഉപജീവനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുവിഭവങ്ങള്‍ മുന്‍ഗണന ക്രമത്തില്‍ എത്തിക്കാനുള്ള നയപരമായ സമീപനം സ്വീകരിക്കണം. സ്വകാര്യ ബസ് മേഖല സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന് വിവിധ സംഘടനകള്‍ പരാതി നല്കി. അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായിട്ടുള്ള നടപടികള്‍ കൈക്കൊള്ളണം. സാമ്പത്തികമായി കൂടുതല്‍ പിന്തുണ ആവശ്യമുള്ള വിഭാഗങ്ങളിലേക്ക് മുന്‍ഗണനാപൂര്‍വ്വം എത്തിക്കുന്നതിനുള്ള നയപരമായ സമീപനം സ്വീകരിക്കുന്നത് ഉചിതമാകുമെന്നും പ്രമേയത്തില്‍ പറയുന്നു.
പദ്ധതി നിലവില്‍ നടപ്പിലാക്കുന്ന രീതിയെക്കുറിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകളും ബസ് തൊഴിലാളി സംഘടനകളും ഗൗരവമായ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് മൂലം സ്വകാര്യ ബസ് സര്‍വീസുകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും, അതിന്റെ ഫലമായി സ്വകാര്യ ബസ് മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ബസ് ഉടമകള്‍, ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കുമാര്‍, മറ്റ് അനുബന്ധ തൊഴിലാളികള്‍ എന്നിവര്‍ക്ക് വരുമാനനഷ്ടവും തൊഴില്‍സുരക്ഷാ പ്രശ്നങ്ങളും നേരിടേണ്ടി വരുന്നതായും വിവിധ സംഘടനകള്‍ പരാതിപ്പെടുന്നുണ്ട് എന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.






