തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയദാനം. ബൈക്ക് അപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച 17 വയസ്സുകാരന്റെ എട്ട് അവയവങ്ങള്‍ ദാനം ചെയ്യും.
ഹൃദയം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് എയര്‍ ആംബുലന്‍സ് വഴി എത്തിക്കും. തിരുവനന്തപുരം കരമന സ്വദേശി പ്ലസ് ടു വിദ്യാര്‍ത്ഥിയായ രുദ്രേഷ് എസ് ആറിന്റെ ഹൃദയമാണ് ദാനം ചെയ്യുന്നത്.
തിരുവനന്തപുരം പി ആര് എസ് ആശുപത്രിയില്‍ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം എത്തിക്കും. ആശുപത്രിയില്‍ ചികിത്സയിലുള്ള 43 വയസുകാരന് ആണ് ഹൃദയം സ്വീകരിക്കുന്നത്. രാവിലെ 9 മണിയോടെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ തിരിക്കും. ഹൃദയം ഉള്‍പ്പെടെ എട്ട് അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് കരമന കിള്ളിപ്പാലത്തുണ്ടായ ബൈക്ക് അപകടത്തില്‍ രുദ്രേഷ് മരിച്ചത്. യാത്രയ്ക്കിടയില്‍ നായ കുറുകെ ചാടി ബൈക്കിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. കൂട്ടുകാരനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, രുദ്രേഷിന്റെ മസ്തിഷ്ക മരണം ഇന്നലെയോടെ സ്ഥിരീകരിച്ചു. സുരേഷ് ബി - രമ്യാദേവി ദമ്പതികളുടെ മകനാണ് രുദ്രേഷ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കാണ് വൃക്ക ദാനം ചെയ്യുന്നത്. മറ്റൊരു വൃക്കയും പാന്‍ക്രിയാസും കരളും കിംസ് ആശുപത്രിയിലേക്കും നേത്ര പടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ദാനം ചെയ്യും.






