രാജ്യം ഞെട്ടലോടെ കേട്ട നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് ഇന്നേക്ക് 10 വർഷം.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി.
പ്രചാരത്തില്‍ ഉണ്ടായിരുന്ന 86 ശതമാനം നോട്ടുകളും പിന്‍വലിച്ചു.
ഇതോടെ പഴയ 500, 1000 എന്നീ നോട്ടുകള്‍ ഉപയോഗിച്ചുള്ളo ഇടപാടുകള്‍ തടസപ്പെട്ടു.
തുടര്‍ന്ന് പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനും നിശ്ചിത കാലയളവില്‍ മാറ്റിയെടുക്കാനും കേന്ദ്ര സര്‍ക്കാര്‍ അവസരം നല്കി.
പിന്നാലെ പുതിയ 500, 2000 നോട്ടുകള്‍ പുറത്തിറക്കി. 2023ല്‍ ഈ രണ്ടായിരത്തിന്റെ നോട്ടും പിന്‍വലിച്ചു.
പക്ഷെ, ഈ മാറ്റത്തിനായി രാജ്യം വലിയ വിലയാണ് നല്‍കേണ്ടി വന്നത്.
ഇന്ന് നോട്ടുനിരോധനം നടപ്പിലാക്കി പത്ത് വര്‍ഷം തികയുകയാണ്.
ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ നോട്ടുനിരോധനത്തിലൂടെ ലക്ഷ്യമിട്ട ഫലങ്ങള്‍ രാജ്യം കൈവരിച്ചോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഇല്ലെന്നാണ് കണക്കുകള്‍ പറയുന്നത്.
നോട്ടുനിരോധനം നടപ്പിലാക്കി പത്തുവര്‍ഷം പിന്നിട്ടിട്ടും രാജ്യത്ത് വ്യാജ നോട്ടുകളുടെ പ്രചാരണം വര്‍ധിച്ചതായി ആര്‍ബിഐയുടെ ഡാറ്റകള്‍ വ്യക്തമാക്കുന്നു.
യുപിഐ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപകമാണെങ്കിലും സാധാരണ സാമ്പത്തിക ഇടപാടുകളില്‍ പണത്തിന്റെ ഉപയോഗം മുന്‍കാലങ്ങളിലേതിന് സമാനമായ രീതിയില്‍ തുടരുകയാണ്.
നോട്ടുനിരോധനത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് വ്യാജ നോട്ടുകളുടെ പ്രചാരണം തടയുക എന്നതായിരുന്നു.
എന്നാല്‍ റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം, പുതിയ സീരീസിലുള്ള വ്യാജ നോട്ടുകളുടെ കണ്ടെത്തലും പിടിച്ചെടുക്കലും വ്യാപകമായി.
നോട്ടുനിരോധനത്തിന് ശേഷം വിപണിയിലെ കറന്‍സിയുടെ അളവ് ഗണ്യമായി കുറഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് അത് വീണ്ടും വര്‍ധിച്ച് മുന്‍കാലങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കിലെത്തി.
എല്ലുമുറിയെ പണിയെടുത്ത് ഉണ്ടാക്കിയ സ്വന്തം പണം മാറ്റിയെടുക്കാന്‍ എടിഎമ്മിനും
ബാങ്കുകള്‍ക്കും മുന്നില്‍ നിന്ന നൂറിലധികം മനുഷ്യരാണ് അക്കാലത്ത് കുഴഞ്ഞുവീണ് മരിച്ചത്.
'നിശ്ചയിച്ച കല്യാണങ്ങള്‍ മുടങ്ങി, തൊഴില്‍ തേടിയുള്ള വിദേശയാത്രകള്‍ തടസപ്പെട്ടു, പലയിടങ്ങളിലെയും ആശുപത്രികളില്‍ ചികിത്സ മരവിച്ചു,
ബാങ്ക് ജീവനക്കാര്‍ മാനസിക സമ്മര്‍ദത്തിലാകുകയും വ്യാപാര-വ്യവസായങ്ങൾ നഷ്ടത്തിലാകുകയും ചെയ്തു,' തുടങ്ങിയ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോയത്.
ഇതിനെ കള്ളപ്പണം, ഹവാല, അഴിമതി, ഭീകരപ്രവര്‍ത്തനം എന്നിവയില്‍ നിന്നെല്ലാം രാജ്യത്തെ ശുദ്ധീകരിക്കാനുള്ള ത്യാഗമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
അതേസമയം, നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് ആര്‍ബിഐ പറയുമ്പോഴും വിപണിയില്‍ നിന്ന് തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച കള്ളപ്പണം എവിടെപ്പോയി എന്ന ചോദ്യം ബാക്കിയായി.






