തിരുവനന്തപുരം: മില്‍മയില്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമന വിജ്ഞാപനം പുറപ്പെടുവിച്ച് പിഎസ്സി.
നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
കേരളത്തിലുടനീളമുള്ള മൂന്ന് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ രണ്ട് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
സ്ഥിരമായ നിയമനമാണ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 29,490 രൂപ മുതല്‍ 85,160 രൂപ വരെ ശമ്പളമായി ലഭിക്കും. ലബോറട്ടറി അസിസ്റ്റന്റ് ജനറല്‍ വിഭാഗത്തില്‍ ഒരു ഒഴിവും ലബോറട്ടറി അസിസ്റ്റന്റ് സൊസൈറ്റി വിഭാഗത്തില്‍ രണ്ട് ഒഴിവും ആണ് ഉള്ളത്. ജനറല്‍ വിഭാഗത്തില്‍ നിന്ന് ആരംഭിച്ച് 1:1 എന്ന അനുപാതത്തിലാണ് ഒഴിവുകള്‍ നികത്തുന്നത്. ഭിന്നശേഷിയുള്ളവര്‍ക്കായി 4% ഒഴിവുകള്‍ സംവരണം ചെയ്തിരിക്കുന്നു.
കെസിഎസ് ചട്ടം 184 പ്രകാരം, നിയമിക്കപ്പെടുന്ന ഓരോ ഉദ്യോഗാര്‍ത്ഥിയും 3 വര്‍ഷത്തിനുള്ളില്‍ 2 വര്‍ഷത്തെ സേവന കാലയളവ് ഉള്‍ക്കൊള്ളുന്ന പ്രൊബേഷന്‍ കാലയളവില്‍ ആയിരിക്കണം. ജനറല്‍ വിഭാഗത്തില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി 18-44 വയസാണ് നിശ്ചയിച്ചിരിക്കുന്നത്. 02/01/1982നും 01/01/2008നും ഇടയില്‍ (ഈ തീയതികള്‍ ഉള്‍പ്പെടെ) ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.
എസ്സി/എസ്ടി, ഒബിസി വിഭാഗക്കാര്‍ക്ക് സാധാരണ പ്രായപരിധി ഇളവുകള്‍ ബാധകമാണ്. ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ ലഭിച്ചാലും ഉയര്‍ന്ന പ്രായപരിധി 50 വയസ്സില്‍ കൂടാന്‍ പാടില്ല. സൊസൈറ്റി വിഭാഗത്തില്‍ 18-50 വയസാണ് പ്രായപരിധി. ഉദ്യോഗാര്‍ത്ഥികള്‍ 02/01/1976നും 01/01/2008നും ഇടയില്‍ (ഈ തീയതികള്‍ ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കെമിസ്ട്രി / ബയോ കെമിസ്ട്രി / ബയോടെക്നോളജി / മൈക്രോബയോളജി എന്നിവയിലൊന്നില്‍ ബിഎസ്സി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയിലും നിയമന സമയത്തും, മില്‍മയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സൊസൈറ്റികളില്‍ ഏതെങ്കിലും തസ്തികയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ സ്ഥിര സേവനം ഉണ്ടായിരിക്കണം.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍, സഹകരണ വകുപ്പിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) സാക്ഷ്യപ്പെടുത്തിയ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതാണ്. സംസ്ഥാനതലത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷ/ഓണ്‍ലൈന്‍ പരീക്ഷ (നടത്തുകയാണെങ്കില്‍) എന്നിവയുടെയും, തുടര്‍ന്നു നടത്തുന്ന രേഖകളുടെ/സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്യുന്ന ഫോട്ടോ, അപ്ലോഡ് ചെയ്ത തീയതി മുതല്‍ 10 വര്‍ഷത്തേക്ക് സാധുവായിരിക്കും. പുതിയ പ്രൊഫൈല്‍ സൃഷ്ടിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍, കഴിഞ്ഞ 6 മാസത്തിനുള്ളില്‍ എടുത്ത ഫോട്ടോയാണ് അപ്ലോഡ് ചെയ്യേണ്ടത്. ഫോട്ടോ അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട മറ്റ് നിര്‍ദ്ദേശങ്ങളില്‍ മാറ്റമൊന്നുമില്ല.
അപേക്ഷാ ഫീസ് ഇല്ല. വ്യക്തിഗത വിവരങ്ങളുടെ കൃത്യതയ്ക്കും പാസ്വേഡിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനും ഉദ്യോഗാര്‍ത്ഥികള്‍ തന്നെയാണ് ഉത്തരവാദികള്‍. പ്രൊഫൈലില്‍ അപേക്ഷ അന്തിമമായി സമര്‍പ്പിക്കുന്നതിന് മുന്‍പ്, അതിലെ വിവരങ്ങള്‍ കൃത്യമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉറപ്പുവരുത്തണം. കമ്മീഷനുമായുള്ള തുടര്‍ ആശയവിനിമയങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ യൂസര്‍ ഐഡി നല്‍കേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in സന്ദര്‍ശിക്കുക.






