ഡൽഹി: ഇന്ത്യയിൽ 1000 രൂപയുടെ കറൻസി നോട്ടുകൾ ആർബിഐ പുറത്തിറക്കി എന്ന വാദത്തോടെ ഒരു സന്ദേശം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിന്റെ ചിത്രമടങ്ങിയ, മഞ്ഞ നിറത്തിലുള്ള 1000 രൂപ നോട്ടിന്റെ ചിത്രമുൾപ്പെടെയാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ പ്രചാരണം വ്യാജമാണ്.
രാജ്യത്ത് ഉപയോഗത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകൾ 2016 നവംബർ 8 അർദ്ധരാത്രിയോടെ നിരോധിച്ചിരുന്നു. നോട്ട് നിരോധനം നടന്ന് വർഷങ്ങൾക്കിപ്പുറം ആയിരം രൂപയുടെ നോട്ട് വീണ്ടും പുറത്തിറക്കിയിരുന്നെങ്കിൽ അത് തീർച്ചയായും വലിയ വാർത്തയാകുമായിരുന്നു.
എന്നാൽ അത്തരത്തിലുള്ള വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിനാണ് ബാങ്ക് നോട്ടുകളും നാണയങ്ങളും പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട ചുമതലയുള്ളത്.
പുതിയ 1000 രൂപ നോട്ട് ഇറക്കുന്നത് സംബന്ധിച്ച് വകുപ്പ് പ്രഖ്യാപനം നടത്തിയതായി റിപ്പോർട്ടുകളൊന്നും കണ്ടെത്തിയില്ല.
ആർ.ബി.ഐയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വാർത്താക്കുറിപ്പുകളിലും പുതിയ നോട്ട് ഇറക്കുന്നത് സംബന്ധിച്ച വിവരങ്ങളില്ല. രാജ്യത്ത് ഉപയോഗത്തിലിരിക്കുന്ന നോട്ടുകളുടെ ചിത്രങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ ആർബിഐ സൈറ്റിൽ നൽകിയിട്ടുണ്ട്. പ്രചരിക്കുന്ന സന്ദേശത്തിൽ നൽകിയിരിക്കുന്ന കറൻസിയുടെ ചിത്രം ഇതിൽ ഇല്ല.
പ്രചരിക്കുന്ന ചിത്രം 'ഒവിയൻ ദിആർടിസ്റ്റ്' (@oviyan_theartist) എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുള്ളതാണ്. ഇത് കേവലം കലാപരമായ ആവശ്യങ്ങൾക്കായി നിർമ്മിച്ചതാണെന്നും യഥാർത്ഥ കറൻസി നോട്ടല്ലെന്നും അക്കൗണ്ടിലെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല കേന്ദ്ര സർക്കാരിൻ്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഈ പ്രചാരണം വ്യാജമാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. 'ആർ.ബി.ഐ ഇത്തരം പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും വ്യാജ വിവരങ്ങൾ പങ്കുവെക്കരുതെന്നുമാണ്' പിഐബിയുടെ എക്സ് പോസ്റ്റിൽ പറയുന്നത്.






