കൊച്ചി : കൊച്ചി മെട്രോയുടെ പേര് മാറ്റത്തില്‍ പ്രതികരണവുമായി കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ. പേര് മാറ്റം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. പ്രൊപ്പോസല്‍ മാത്രമാണ് കെഎംആര്‍എല്‍ നല്‍കിയതെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്ന് പ്രൊപ്പോസലില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്ന പേര് മാറ്റി കേരളം മെട്രോ റെയില്‍ ലിമിറ്റഡ് എന്നാക്കണമെന്നാവശ്യപ്പെട്ട് കെഎംആര്‍എല്‍ നല്കിയ ശുപാര്‍ശയാണ് വിവാദമായത്. ഇതിന് പിന്നാലെ കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് പരിഗണനയില്‍ ഇല്ലെന്നാണ് മുഖ്യമന്ത്രി വിഡി സതീശന് ഇന്ന് പ്രതികരിച്ചത്.
സര്‍ക്കാര്‍ അറിയാതെയാണ് കെഎംആര്‍എല്‍ പേര് മാറ്റുന്നത് പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച വാര്‍ത്ത രാവിലെ പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുടെ പേര് മാറ്റം സര്‍ക്കാരിന്റെ ആലോചനയില്‍ പോലുമില്ല. സര്‍ക്കാരിനോട് ആലോചിക്കാതെയാണ് കെഎംആര്‍എല്‍ പത്രവാര്‍ത്ത നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎംആര്‍എല്‍ എം ഡി ലോക്നാഥ് ബഹ്റയായിരുന്നു പേര് മാറ്റം സംബന്ധിച്ച ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചത്. കൊച്ചിക്ക് പുറമേ സംസ്ഥാനമൊട്ടാകെ നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടാണ് കെഎംആര്‍എല്‍ പേര് മാറ്റത്തിനായി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.






