ന്യൂഡല്‍ഹി : സിജെപി സമരത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥിയുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹി ഡിസിപി ഓഫീസില്‍. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും വരെ സ്റ്റേഷനില്‍ നിന്ന് പോകില്ലെന്ന നിലപാടിലുറച്ച് രാഹുല്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
സാഹിലിന്റെ പരാതിയില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഡിസിപിയുമായി സംസാരിച്ചു. പരാതിയില്‍ കേസെടുക്കാതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. നീതി ലഭിക്കും വരെ പോരാടുമെന്നും രാഹുല്‍ പ്രതികരിച്ചു.
വിഷയത്തില്‍ ആദ്യം മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിയ രാഹുല്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതോടെ സെന്‍ട്രല്‍ ഡിസിപിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. രാഹുലിന്റെ അപ്രതീക്ഷിത നീക്കം നാടകീയ രംഗങ്ങള്‍ക്കാണ് വഴിവെച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പ്രിയങ്കാ ഗാന്ധിയും സ്ഥലത്തെത്തി. വിദ്യാര്‍ത്ഥി നേരത്തെ രണ്ട് തവണ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് രാഹുല്‍ വിദ്യാര്‍ത്ഥിക്കൊപ്പം എത്തി പരാതി നല്‍കിയത്.
രാഹുലിന്റെ ഇന്നത്തെ പ്രതിഷേധത്തെക്കുറിച്ച് പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ യാതൊരു മുന്‍കൂര്‍ വിവരങ്ങളും ലഭിച്ചിരുന്നില്ല. റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് വിദ്യാര്‍ഥിക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് സ്ഥിരീകരണം വന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചില്ല. കേസെടുക്കുന്നതില്‍ ഭയപ്പാടെന്തിന് എന്നാണ് രാഹുല്‍ ഗാന്ധി ഇന്ന് പൊലീസിനോട് ചോദിച്ചത്.






