കുറവിലങ്ങാട്: ദേശീയ ബഹിരാകാശ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം കുറവിലങ്ങാട് സയൻസ് സിറ്റിയിൽ ഐ.എസ്.ആർ.ഒ.യുടെയും കേരളത്തിലെ വിവിധ ഐ.എസ്.ആർ.ഒ. കേന്ദ്രങ്ങളുടെയും സഹകരണത്തോടെ പ്രത്യേക ബഹിരാകാശ പ്രദർശനം സംഘടിപ്പിക്കുന്നു.
“From Space to Society” എന്ന പേരിലുള്ള പ്രദർശനം ആഗസ്റ്റ് 13, 14 തീയതികളിലാണ് നടക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ ശ്രദ്ധേയമായ നേട്ടങ്ങളും മുന്നേറ്റങ്ങളും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും നേരിട്ട് പരിചയപ്പെടാനുള്ള അവസരമാണ് രണ്ട് ദിവസത്തെ പ്രദർശനം ഒരുക്കുന്നത്.
ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യ-എൽ1, ഗഗൻയാൻ ദൗത്യങ്ങൾ, റോക്കറ്റ്-ഉപഗ്രഹ മാതൃകകൾ, വിക്ഷേപണ വാഹനങ്ങൾ, ബഹിരാകാശ പര്യവേക്ഷണം, നൂതന ബഹിരാകാശ സാങ്കേതികവിദ്യകൾ, ഇന്ററാക്ടീവ് പ്രദർശനങ്ങൾ എന്നിവ പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞരും എൻജിനീയർമാരും പരിപാടിയിൽ പങ്കെടുക്കും. ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ, വിദ്യാർത്ഥികളുമായുള്ള സംവാദം, വാട്ടർ റോക്കറ്റ് ഡെമോൺസ്ട്രേഷൻ എന്നിവയും നടക്കും.
ബഹിരാകാശ സാങ്കേതികവിദ്യ സമൂഹത്തിന്റെ വിവിധ മേഖലകളിൽ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതും പ്രദർശനത്തിലൂടെ മനസ്സിലാക്കാം. വിദ്യാർത്ഥികൾക്കും ശാസ്ത്രതൽപരർക്കും ഇന്ത്യയുടെ ബഹിരാകാശ യാത്രയെ അടുത്തറിയാനും ഭാവിയിലെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പ്രചോദനം നേടാനും പ്രദർശനം അവസരമൊരുക്കും.
ആഗസ്റ്റ് 13, 14 തീയതികളിൽ ശാസ്ത്രനഗരം കോട്ടയത്ത് നടക്കുന്ന പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്.






