തിരുവനന്തപുരം : വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎയില് നിർദേശിച്ചിരിക്കുന്ന ഭേദഗതികള്‍ മിഷനറി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ജീവകാരുണ്യ സ്ഥാപനങ്ങള്‍, സാമൂഹിക സേവന സംഘടനകള്‍ എന്നിവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകള്‍ സംബന്ധിച്ച് അടിയന്തര ചർച്ച ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നോട്ടീസ് നല്കി കൊടിക്കുന്നില്‍ സുരേഷ് എംപി.
വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, അനാഥ സംരക്ഷണം, വയോജന പരിചരണം, ഗോത്രവർഗ ക്ഷേമം, ദുരന്തനിവാരണം, പുനരധിവാസം, ദാരിദ്ര്യനിർമാർജനം തുടങ്ങിയ മേഖലകളില്‍ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന നിരവധി മിഷനറി സംഘടനകളും വിശ്വാസാധിഷ്ഠിത ജീവകാരുണ്യ സ്ഥാപനങ്ങളും വിദേശ സംഭാവനകളെ ആശ്രയിച്ചാണ് സേവന പ്രവർത്തനങ്ങള്‍ നടത്തുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പുതിയ നിയന്ത്രണങ്ങള്‍ അനാവശ്യമായി തടസ്സപ്പെടുത്താൻ പാടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ചൂണ്ടിക്കാട്ടി.
വിദേശ സംഭാവനകളുടെ സുതാര്യവും ഉത്തരവാദിത്വപരവുമായ വിനിയോഗം ഉറപ്പാക്കുന്നത് അനിവാര്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ യഥാർത്ഥത്തില്‍ സേവന പ്രവർത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് അമിതമായ അനുസരണച്ചെലവും ഭരണപരമായ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രജിസ്ട്രേഷൻ, പുതുക്കല്‍, അനുമതി നടപടികള്‍ക്ക് വ്യക്തവും സമയബന്ധിതവുമായ മാനദണ്ഡങ്ങള്‍, ചെറിയതും ഗ്രാമീണ തലത്തില്‍ പ്രവർത്തിക്കുന്നതുമായ എൻജിഒകള്‍ക്ക് അനുപാതരഹിതമായ കംപ്ലയൻസ് ബാധ്യതകള്‍ ഒഴിവാക്കല്‍, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം നിയന്ത്രണ നടപടികള്‍ സ്വീകരിക്കല്‍, പ്രതികൂല തീരുമാനങ്ങള്‍ക്കെതിരെ ഫലപ്രദമായ അപ്പീല്‍-റിവ്യൂ സംവിധാനം ഉറപ്പാക്കല്‍ എന്നിവ ഭേദഗതികളില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിയമപരമായ നടപടികളുടെയോ സാങ്കേതികമായ പിഴവുകളുടെയോ പേരില്‍ വർഷങ്ങളായി തുടരുന്ന ക്ഷേമ പദ്ധതികള്‍ പെട്ടെന്ന് തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. വിദേശ സംഭാവന ലഭിക്കുന്ന സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍, ഫണ്ട് കൈമാറ്റം, വിനിയോഗം എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങള്‍ യഥാർത്ഥ സേവന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താത്ത രീതിയിലായിരിക്കണമെന്നും എംപി പറഞ്ഞു.
മിഷനറി, വിശ്വാസാധിഷ്ഠിത ജീവകാരുണ്യ സംഘടനകള്‍ ഉള്‍പ്പെടെയുള്ള സിവില്‍ സൊസൈറ്റി സംഘടനകളുമായി അർത്ഥവത്തായ കൂടിയാലോചന നടത്തിയ ശേഷമേ എഫ്സിആർഎ ചട്ടക്കൂടില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ നടപ്പാക്കാവൂ എന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.






