കൈലാത്തുകവല: ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ 14ാം വാർഡിൽ പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ.
പ്രവർത്തനം നിർത്തിവെച്ച തോംപാറ പാറമടയുടെ സമീപത്ത് തന്നെ മറ്റൊരു പാറമട ആരംഭിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ജനവാസ മേഖലയിൽ പുതുതായി ആരംഭിക്കാൻ നീക്കം നടക്കുന്ന പാറമടയ്ക്കെതിരെ പ്രദേശവാസികൾ ഒന്നടങ്കം രംഗത്ത്.
പദ്ധതിക്കെതിരെ കക്ഷിരാഷ്ട്രീയ-ജാതി-മത ഭേദമന്യേ ശക്തമായ നിയമപോരാട്ടങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങൾക്കും രൂപം നൽകാൻ പ്രദേശവാസികളുടെ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
സമരപരിപാടികൾ ഏകോപിപ്പിക്കുന്നതിനായി ഗോപിനാഥപിള്ള മുടക്കയത്ത്, കെ.കെ ദാമോദരൻ നായർ തോമ്പാറ ക്കുഴിയിൽ, എം.വി ചാക്കോ മഞ്ഞാക്കൽ എന്നിവർ രക്ഷാധികാരികളായും
വാർഡ് മെമ്പർ ത്രേസ്യാമ്മ നല്ലേപ്പറമ്പിൽ ചെയർപേഴ്സൺ ആയും അഡ്വ. രാഹുൽ ഗോപിനാഥ് കൺവീനർ ആയും പാറമടവിരുദ്ധ ജനകീയപ്രതിരോധ സമിതിക്ക് രൂപം നൽകി.
പ്രദേശവാസിയല്ലാത്ത വ്യക്തി വാങ്ങിയിട്ടുള്ള ഭൂമിയിലാണ് പാറമട ആരംഭിക്കാൻ നീക്കം.
നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പാറമട വരുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും
കടുത്ത ഭീഷണിയാകുമെന്നും സ്വാഭാവിക കുടിവെള്ള സ്രോതസ്സുകൾ വറ്റാനും വീടുകൾ തകരാനും വഴിവെക്കുമെന്നും യോഗം വിലയിരുത്തി.
ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന ഇത്തരം ഒരു പദ്ധതി ഒരുകാരണവശാലും അനുവദിക്കില്ലെന്ന് പ്രദേശവാസികൾ പ്രഖ്യാപിച്ചു.
പാറമടയ്ക്ക് പഞ്ചായത്തോ ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളോ യാതൊരുവിധ അനുമതികളും നൽകരുതെന്നും,
നിലവിൽ നടത്തുന്ന നീക്കങ്ങളിൽ നിന്ന് അധികൃതർ അടിയന്തരമായി പിന്മാറണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വരുംദിവസങ്ങളിൽ കളക്ടറേറ്റ്, പഞ്ചായത്ത് ഓഫീസ് എന്നിവ കേന്ദ്രീകരിച്ച് മാസ് പെറ്റീഷൻ നൽകാനും സമരം കൂടുതൽ ശക്തമാക്കാനും സമിതി തീരുമാനിച്ചു.
യോഗത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികളും നൂറുകണക്കിന് പ്രദേശവാസികളും പങ്കെടുത്തു.






