ടെഹ്റാൻ: അമേരിക്ക തങ്ങളുടെ നിബന്ധനകള്‍ പൂർണമായി അംഗീകരിക്കുകയാണെങ്കില്‍ ഹോർമുസ് കടലിടുക്ക് രണ്ടു ദിവസത്തിനുള്ളില്‍ തുറന്നുനല്‍കാൻ തയ്യാറാണെന്ന് ഇറാൻ.
ഖത്തറിന്റെ മദ്ധ്യസ്ഥതയില്‍ നടക്കുന്ന ചർച്ചകളിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. മുമ്പ് മുന്നോട്ടുവച്ച അഞ്ച് ദിവസത്തെ സമയം ഖത്തറിന്റെ ഇടപെടലിനെത്തുടർന്ന് രണ്ട് ദിവസമായി കുറയ്ക്കാൻ ഇറാൻ സമ്മതിക്കുകയായിരുന്നു.
അമേരിക്ക തങ്ങള്‍ക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ പിൻവലിക്കണമെന്നതാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന വ്യവസ്ഥകളിലൊന്ന്.
ഇസ്ലാമാബാദ് ധാരണാപത്രത്തിന് ശേഷം ഏർപ്പെടുത്തിയ ഉപരോധങ്ങള്‍ നീക്കുക, മേഖലയിലെ യു എസ് സൈനിക സാന്നിദ്ധ്യം കുറയ്ക്കുക, എണ്ണ വില്പനയ്ക്കുള്ള ഇളവുകള്‍ പുനഃസ്ഥാപിക്കുക, ഖത്തർ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തടഞ്ഞുവച്ച ഇറാനിയൻ ഫണ്ടുകള്‍ വിട്ടുകൊടുക്കുക എന്നിവയാണ് ഇറാന്റെ മറ്റ് ആവശ്യങ്ങള്‍.
കൂടാതെ, ഒമാനുമായി ചേർന്ന് നിശ്ചയിച്ച പുതിയ കപ്പല്‍പാത അംഗീകരിക്കണമെന്നും മറ്റ് പാതകള്‍ അടയ്ക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാന്റെ ഏഴ് നിബന്ധനകളും അംഗീകരിക്കാതെ ചർച്ചകള്‍ക്ക് സാദ്ധ്യതയില്ലെന്നും ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ മൊഹ്സെൻ റെസായി വ്യക്തമാക്കി. ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ പുതിയ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.






