കോഴിക്കോട്: സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്നും നാടിന്റെ നിലനില്‍പ്പ് ഇടതുപക്ഷത്തില്‍ നിക്ഷിപ്തമാണെന്നും ഇ.പി.ജയരാജൻ. പാർട്ടി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്നും സി.പി.എമ്മിനെ ശക്തിപ്പെടുത്താൻ എല്ലാവരും ശരിയായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷം ദുർബലപ്പെട്ടാല്‍ ലോകംതന്നെ നശിക്കുന്ന അവസ്ഥയാണുള്ളത്. ഇടതുപക്ഷം ശക്തിപ്പെടുകയെന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. സോവിയറ്റ് യൂണിയന്റെ തകർച്ചയും ലോകത്ത് ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയുമാണ് ലോകം നേരിടുന്ന പ്രധാന ആപത്ത്.
അമേരിക്കയില്‍ വലതുപക്ഷ തീവ്രവാദികളാണ് അധികാരത്തിലിരിക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷം തകർന്നാല്‍ ഈ നാടുതന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. അതിനാല്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക എന്നത് കമ്മ്യൂണിസ്റ്റുകാരുടെ മാത്രം ചുമതലയല്ല.
നാടിന്റെ വളർച്ച ആഗ്രഹിക്കുന്നതും ജനജീവിതം സംരക്ഷിക്കണമെന്ന് കരുതുന്നതുമായ എല്ലാ ജനങ്ങളുടെയും ചുമതലയാണത്. ഇടതുപക്ഷത്തിന് ജനങ്ങള്‍ കരുത്ത് നല്‍കണമെന്നും അതിലെ പ്രധാന പാർട്ടിയായ സി.പി.എമ്മിന് കൂടുതല്‍ ശക്തി പകരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
തങ്ങള്‍ എപ്പോഴും ജനങ്ങള്‍ക്കിടയിലാണ് ഉള്ളതെന്നും അത് പാർട്ടിക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാർ കൂട്ടത്തോടെ സംസ്ഥാന കമ്മിറ്റിയിലേക്ക് വരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തങ്ങളൊക്കെ വളരെ ചെറുപ്പത്തില്‍ത്തന്നെ പ്രസ്ഥാനത്തിലേക്ക് വന്നവരാണെന്ന് അദ്ദേഹം പ്രതികരിച്ചു.






