കൊച്ചി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഹിദുർ മുഹമ്മദ് അന്തരിച്ചു. 76 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ എറണാകുളത്തെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
കെപിസിസി മുൻ ജനറല്‍ സെക്രട്ടറിയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറും ആയിരുന്നു.
2001ല്‍ പുനലൂർ നിയോജക മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അനുസ്മരണക്കുറിപ്പ്;
മുതിർന്ന കോണ്‍ഗ്രസ് നേതാവും KPCC ജനറല്‍ സെക്രട്ടറിയുമായിരുന്ന എന്റെ പ്രിയ സുഹൃത്ത് ഹിദുർ മുഹമ്മദിന്റെ വിയോഗവാർത്ത അതീവ വേദനയോടെയാണ് അറിഞ്ഞത്. ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ വെച്ചാണ് വിടവാങ്ങിയത്.
കെ.എസ്.യു കാലം മുതല്‍ തുടങ്ങിയ ആത്മബന്ധമാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. ജി. കാർത്തികേയൻ ഉള്‍പ്പെടെയുള്ള പ്രിയപ്പെട്ടവർക്കൊപ്പം ഒരുമിച്ച് പ്രവർത്തിച്ച ആ നാളുകള്‍ മായാത്ത ഓർമ്മകളായി ഇന്നും മനസ്സിലുണ്ട്.
പ്രസ്ഥാനത്തിന് അമൂല്യമായ സംഭാവനകള്‍ നല്കിയ, ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പം നിന്ന ഒരു സഹോദരനെയാണ് ഇന്ന് നഷ്ടമായത്. പ്രിയപ്പെട്ട ഹിദുറിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ദുഃഖത്തില്‍ പങ്കുചേരുന്നു.






