തിരുവനന്തപുരം : തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ചികിത്സാ പിഴവ് പരാതിയിൽ ആഭ്യന്തര അന്വേഷണം. അത്യാസന്ന നിലയിലായ കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ തീരുമാനങ്ങളെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്റേണൽ കമ്മിറ്റി റിപ്പോർട്ട് ലഭിച്ച ശേഷം ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചേക്കും.
കുഞ്ഞ് അത്യാസന്ന നിലയിലാകാൻ കാരണം രക്തക്കുഴലിലെ ക്ഷതവും അണുബാധയുമെന്നാണ് പാതോളജി റിപ്പോർട്ട്. 9 മാസം പ്രായമുള്ള വിധാൻ വിഷ്ണുവിന് ലുക്കിമിയ സ്ഥിരീകരിച്ചതോടെ കീമോ തെറാപ്പിക്കായാണ് തിരുവനന്തപുരം ആർസിസിയിൽ എത്തുന്നത്. ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫുകളുടെ അശ്രദ്ധ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വഷളാക്കിയെന്ന് മാതാപിതാക്കൾ പറയുന്നു.
അണുവിമുക്തമാക്കാതെ ക്യാനുലയിട്ടെന്നും, തുടർന്ന് നീരുവച്ച കയ്യിൽ തന്നെ രക്തസമ്മർദ്ദ പരിശോധന നടത്തിയെന്നും ആക്ഷേപമുണ്ട്. പിന്നീട് ആർസിസി ഡയറക്ടർക്ക് പിതാവ് വിഷ്ണു വിജയൻ പരാതി നൽകിയതോടെയാണ് ഡോക്ടർമാരുടെ അടിയന്തര ഇടപെടൽ ഉണ്ടാകുന്നത്. കുഞ്ഞിന് കൃത്യമായ ചികിത്സ ലഭിക്കാൻ 9 ദിവസത്തെ കാലതാമസമുണ്ടായെന്നും പരാതിയുണ്ട്.






