കോട്ടയം: സെപ്റ്റംബർ 11 മുതൽ 20 വരെ മണർകാട് പഞ്ചായത്ത് ബസ്റ്റാൻഡ് കോമ്പൗണ്ടിൽ ഭക്ഷ്യ സ്വയം പര്യാപ്തത യജ്ഞത്തിന്റെ ഭാഗമായി കാർഷിക ഫലവൃക്ഷ പ്രചാരക സമിതിയും സൗത്ത് സൺ അഗ്രികൾച്ചർ ഫാം മണ്ണുത്തി ഫാർമേഴ്സ് അസോസിയേഷനും ഹരിത കേന്ദ്രവും സംയുക്തമായി പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും സഹകരണത്തിൽ അലങ്കാര പുഷ്പ ഫലവൃക്ഷം - മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടത്തും. രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണിവരെ. പ്രവേശനം സൗജന്യമാണ്. സെപ്റ്റംബർ പതിനൊന്നാം തീയതി വെള്ളിയാഴ്ച രാവിലെ 10 - ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും.വൈസ് പ്രസിഡണ്ട് തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വാർഡ് മെമ്പർ അഡ്വക്കേറ്റ് ജോജി സി. ജോൺ സൗജന്യ പച്ചക്കറികളുടെ വിതരണം നിർവഹിക്കും. ജനപ്രതിനിധികളും ബഹുമാന്യ വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.
മുന്നൂറിൽപരം ഫലവൃക്ഷത്തൈകൾ, അലങ്കാര പൂച്ചെടികൾ, അത്യുല്പാദന ശേഷിയുള്ള ഹൈബ്രിഡും നാടനുമായ പച്ചക്കറി വിത്തുകൾ, പച്ചക്കറി തൈകൾ, ജൈവ കീടനാശിനികൾ, ജൈവവളങ്ങൾ, കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളായ വൻതേൻ ചെറുതേൻ നെല്ലിക്ക, മഞ്ഞൾ, കാന്താരി മുതലായവയും ഹോം മെയ്ഡ് സോപ്പുകൾ, നെല്ലിക്കാ കാന്താരി, ഫാഷൻ ഫ്രൂട്ട്, നറുനീണ്ടി, സിറപ്പുകൾ, ആയുർവേദ മരുന്നുകളായ ചങ്ങലംപരണ്ട തൈലം, മുടിയഴകിനുള്ള ഹെയർഓയിൽ, എന്നിവയും ഹരിതോത്സവത്തിൽ വിപണനം ചെയ്യുന്നു.
അടുക്കളത്തോട്ടം, തേനീച്ച വളർത്തൽ, കോഴി വളർത്തൽ, ടെറസ് ഫാമിംഗ്, ഊർജ്ജ സംരക്ഷണം, എന്നി വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകും .പിന്നീട് വിദഗ്ധ പരിശീലനം ആവശ്യമുള്ളവർക്ക് നൽകുന്നതാണ് . പഴയ വസ്ത്രങ്ങളുടെ പുനരുപയോഗം എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നൽകുന്നു. തയ്യൽ അറിയാവുന്നവർക്ക് വേണ്ടിയാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്.
ഭാരവാഹികൾ കോട്ടയത്ത് പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.






