കോരുത്തോട്: തുടര്‍ച്ചയായ വന്യമൃഗ ശല്യം മൂലം ജനങ്ങള്‍ ഭീതിയിലായ കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങള്‍ എം. ജെ സെബാസ്റ്റ്യന്‍ എം.എല്‍.എ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി.
തദ്ദേശസ്വയംഭരണ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം.
നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രധാന തീരുമാനങ്ങളും സന്ദര്‍ശനവേളയില്‍ കൈക്കൊണ്ടു നാലാം വാര്‍ഡിലെ കണ്ണാട്ടുകവലമുളംകുന്ന് റോഡിലെ ട്രെഞ്ച് നിര്‍മ്മാണത്തിന്റെ ആഴം അടിയന്തരമായി വര്‍ധിപ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഇതോടൊപ്പം ഈ ഭാഗത്തെ റോഡ് നിര്‍മ്മാണം വേഗത്തിലാക്കാനും തീരുമാനമായി. ആറാം വാര്‍ഡിലെ പത്തേക്കര്‍ ചണ്ണപ്ലാവ് മുകള്ഭാഗം, കണ്ടംകയം തുടങ്ങിയ കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങള്‍ എം.എല്‍.എ നേരിട്ടെത്തി കണ്ടു.
പ്രദേശവാസികളുടെ ആശങ്കകളും പരാതികളും കേട്ട അദ്ദേഹം ഉടനടി പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.






