ചാവക്കാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് ഗർഭിണിയായ 21കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ ബസ് ജീവനക്കാർ അറസ്റ്റില്‍.
ബസിന്റെ ഡ്രൈവർ ചാലിശേരി സ്വദേശി പ്രകാശൻ, കണ്ടക്ടർ തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചാവക്കാട് തെക്കഞ്ചേരി പുഴങ്ങരയില്ലത്ത് ഷാദിലിന്റെ ഭാര്യ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. മമ്മിയൂർ ലിറ്റില്‍ ഫ്ലവർ കോളേജിലെ വിദ്യാർത്ഥിനിയായ ഫാത്തിമ മൂന്നുമാസം ഗർഭിണിയാണ്.
ഇന്നലെ രാവിലെ 8.30ന് ചാവക്കാട് തെക്കേ ബൈപ്പാസിലെ വളവില്‍ ബസ് തിരിക്കുന്നതിനിടെയായിരുന്നു അപകടം. കുന്നംകുളം റൂട്ടിലോടുന്ന പാലയൂർ എന്ന ബസിലാണ് അപകടമുണ്ടായത്. ബസ് വീശിയൊടിക്കുന്നതിനിടെ കമ്പിയില്‍ പിടിച്ചുനിന്നിരുന്ന യുവതി പിടിവിട്ട് പിന്നിലെ തുറന്ന വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ഉടൻ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ കാലിനും കൈയ്ക്കും മുഖത്തും പരിക്കേറ്റിരുന്നു. ഇത് ഗുരുതരമല്ലാത്തതിനാല്‍ താമസിയാതെ ആശുപത്രി വിട്ടു.






