കൊച്ചി: കർക്കിടക വാവിനോടനുബന്ധിച്ച് ആലുവ ടൗണിലും പരിസരങ്ങളിലും പൊലീസ് ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. ബുധനാഴ്ച വെളുപ്പിന് ഒരുമണി മുതല്‍ പകല്‍ രണ്ടുമണിവരെയാണ് നിയന്ത്രണം. മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയില്‍നിന്ന് ജിസിഡിഎ റോഡ് വഴി ആയുർവേദ ആശുപത്രിയ്ക്ക് മുന്നിലൂടെ മണപ്പുറത്തേയ്ക്ക് പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. മണപ്പുറം ഭാഗത്ത് നിന്നുള്ള എല്ലാ വാഹനങ്ങളും ഓള്‍ഡ് ദേശം റോഡ് വഴി നേരെ പറവൂർ കവലയില്‍ എത്തണം. രണ്ട് റൂട്ടുകളിലും വണ്‍വേ ട്രാഫിക് ആയിരിക്കും.
തോട്ടയ്ക്കാട്ടുക്കര ജങ്ഷനില്‍നിന്ന് മണപ്പുറത്തേയ്ക്ക് യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല. വരാപ്പുഴ, എടയാർ ഭാഗങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ തേട്ടയ്ക്കാട്ടുക്കര കവലയില്‍നിന്ന്, ഇടത്തോട്ട് തിരിഞ്ഞ്, അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂർ കവല - യുസി കോളേജ് - കടുങ്ങല്ലൂർ വഴി തിരികെ പോകണം. അങ്കമാലി ഭാഗത്തുനിന്ന് വരുന്ന പ്രൈവറ്റ് ബസുകള്‍ പറവൂർ കവലയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ യാത്ര അവസാനിപ്പിച്ച് അവിടെ നിന്ന് മടങ്ങി പോകണം.
എറണാകുളം ഭാഗത്തുനിന്ന് എൻഎച്ച് വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസുകള്‍, പുളിഞ്ചോട് ജങ്ഷനില്‍നിന്ന്, കാരോത്തുകുഴി ജങ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ എത്തേണ്ടതും, പ്രൈവറ്റ് സ്റ്റാൻഡില്‍നിന്ന് തിരികെ എറണാകുളം ഭാഗത്തേക്കുള്ള പ്രൈവറ്റ് ബസുകള്‍ ബാങ്ക് കവല ബൈപാസ് വഴി മടങ്ങി പോകണം.
എറണാകുളം ഭാഗത്തുനിന്ന് എൻഎച്ച് വഴി ആലുവയ്ക്ക് വരുന്ന കെഎസ്ആർടിസി ബസുകള്‍ പുളിഞ്ചോട് നിന്ന് വലത്തോട്ട് തിരിഞ്ഞ് കാരോത്തുകുഴി കവല വഴി സ്റ്റാൻഡില്‍ എത്തേണ്ടതും കെഎസ്ആർടിസി സ്റ്റാൻഡില്‍നിന്ന് തിരികെ എറണാകുളം ഭാഗത്തേക്കുള്ള ബസുകള്‍ കാരോത്തുകുഴി ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് എറണാകുളം ഭാഗത്തേക്ക് പോകേണ്ടതുമാണ്.
ആലുവ - അങ്കമാലി ഭാഗത്തേക്കുള്ള ബസുകള്‍ കാരോത്തുകുഴി ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് പ്രൈവറ്റ് സ്റ്റാൻഡ്, ബാങ്ക് കവല, ബൈപാസ് വഴി പോകണം പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസുകള്‍ കെഎസ്ആർടിസി സ്റ്റാൻഡില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് പമ്പ്, മാതാ ജങ്ഷൻ വഴി പോകണം. പെരുമ്പാവൂർ ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകള്‍, പമ്പ് ജങ്ഷൻ വഴി ആലുവ മഹാത്മഗാന്ധി ടൗണ്‍ ഹാളിന് മുൻവശമുള്ള താല്‍ക്കാലിക സ്റ്റാൻഡില്‍ എത്തി, അവിടെ നിന്ന് തിരികെ സർവീസ് നടത്തണം.
പെരുമ്പാവൂർ ഭാഗത്തുനിന്ന് വരുന്ന പ്രൈവറ്റ് ബസുകള്‍, റെയില്‍വേ സ്ക്വയർ കാരോത്തുകുഴി വഴി സ്റ്റാൻഡില്‍ പ്രവേശിക്കണം. അവിടെനിന്ന് തിരികെ പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസുകള്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍നിന്ന്, ബാങ്ക് കവല, ബൈപാസ് സർവീസ് റോഡ് പുളിഞ്ചോട് കവലയിലെത്തി കാരോത്തുകുഴി കവല, ആശുപത്രി ജങ്ഷൻ, ഐഎംഎ ജങ്ഷൻ, പവർ ഹൗസ് ജങ്ഷൻ വഴി പോകണം,
ബാങ്ക് കവല മുതല്‍ മഹാത്മഗാന്ധി ടൗണ്‍ ഹാള്‍ റോഡ് വരെ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല. ഹൈവേകളിലും പ്രാന്തപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. എൻഎച്ച് റോഡിൻ്റെ ഇരുവശത്തും യാതൊരുവിധ പാർക്കിങ്ങും അനുവദിക്കുന്നതല്ലെന്നും പൊലീസ് അറിയിച്ചു.






