കൊച്ചി: അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് പരീക്ഷണ അടിസ്ഥാനത്തില്‍ ഡിജി യാത്ര സംവിധാനം ആരംഭിച്ചു.
കേന്ദ്ര സിവില്‍ വ്യോമയാന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളിലാണ് പരീക്ഷണം. വിജയകരമായാല്‍ മറ്റു വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും.
വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇ-പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്കാണ് ഡിജി യാത്ര സാധ്യമാകുക. വിമാനത്താവളങ്ങളിലെ ബയോമെട്രിക് തിരിച്ചറിയല്‍ സൗകര്യം ഉപയോഗപ്പെടുത്താന്‍ ഇവര്‍ക്ക് സാധിക്കും.
എയര്‍ ഇന്ത്യയുടെയും ഇന്‍ഡിഗോയുടെയും തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്താവളങ്ങളിലെ ടച്ച് പോയിന്റുകളില്‍ വെരിഫിക്കേഷന് ചെയ്യാം.
നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ അവസാനം വരെയാണ് പരീക്ഷണം. ബെംഗളൂരു, കൊച്ചി, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, ചെന്നൈ, അമൃതസര്‍ വിമാനത്താവളങ്ങളിലാണ് നിലവില്‍ പരീക്ഷണം നടക്കുന്നത്.
യാത്രക്കാരുടെ പ്രതികരണങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
വിമാനത്താവളത്തിലെ ടെര്‍മിനല്‍ ചെക്പോയിന്റുകള്‍, സെക്യൂരിറ്റി ഹോള്‍ഡ് ഏരിയ, ബോഡിങ് ഗേറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം യാത്രക്കാര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും. ഡിജി യാത്ര മൊബൈല്‍ ആപ്പ് വഴി ഇ-പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ ബന്ധിപ്പിക്കുക എന്നതാണ് യാത്രക്കാര്‍ ആദ്യം ചെയ്യേണ്ടത്. പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ മൊബൈലില്‍ എന്‍എഫ്സി ഫീച്ചര്‍ വഴി സ്കാന്‍ ചെയ്യും...
തുടര്‍ന്ന് സെല്‍ഫി എടുക്കുകയും പേര് വിവരങ്ങള്‍ നല്‍കുകയും ചെയ്താല്‍ ആപ്പും ഇ-പാസ്പോര്‍ട്ടും ബന്ധിപ്പിക്കപ്പെടും. യാത്രക്കാരന്റെ സമ്പൂര്‍ണ വിവരം ഡിജി യാത്ര ആപ്പില്‍ ശേഖരിക്കുന്നതോടെ വിമാനത്താവളങ്ങളിലെ ടെച്ച് പോയന്റുകളില്‍ ഉപയോഗിക്കാം.
എന്നാല്‍ ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ പരിശോധന ഉണ്ടാകില്ല എന്ന് മനസിലാക്കരുത്. പാസ്പോര്‍ട്ട്, വിസ ഉള്‍പ്പെടെ എല്ലാ യാത്രാ രേഖകളും കൈവശം ഉണ്ടായിരിക്കണം. നിലവില്‍ തുടരുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം. എന്നാല്‍ ഏറെ നേരം ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാമെന്നതാണ് ഡിജി യാത്രയുടെ നേട്ടം.






