ബിഗ് ബജറ്റ് ചിത്രം 'മൂക്കുത്തി അമ്മൻ 2'നെ ചുറ്റിപ്പറ്റിയുള്ള എഐ വിവാദങ്ങൾക്ക് മറുപടിയുമായി സംവിധായകൻ സുന്ദർ സി.
ചിത്രത്തിലെ ഭൂരിഭാഗം ദൃശ്യങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് നിർമ്മിച്ചതെന്ന
പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആകെ 3000 സിജിഐ ഷോട്ടുകളുള്ള ചിത്രത്തിൽ വെറും 15 ഷോട്ടുകളിൽ
മാത്രമാണ് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചതെന്നും സുന്ദർ.സി വെളിപ്പെടുത്തി.
ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിലായിരുന്നു സംവിധായകന്റെ പ്രതികരണം.
ചിത്രത്തിനായി ഒന്നര വർഷത്തിലേറെയായി കഠിനാധ്വാനം ചെയ്യുന്ന
സിജിഐ ടീമിനെയും സാങ്കേതിക പ്രവർത്തകരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ഏകദേശം 400 കലാകാരന്മാർ അടങ്ങുന്ന സിജിഐ ടീമാണ് ചിത്രത്തിനായി പ്രവർത്തിച്ചതെന്ന് സുന്ദർ സി പറഞ്ഞു.
യഥാർഥ വസ്തുതകൾ അറിയാതെ ചിത്രത്തെക്കുറിച്ച് എഐ
പ്രചാരണം നടത്തുന്നത് വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"മൂക്കുത്തി അമ്മൻ 2-ന്റെ ഓരോ ഫ്രെയിമിലും പ്രവർത്തിച്ചിരിക്കുന്നത് നമ്മുടെ തമിഴ്നാട്ടിലെ സാങ്കേതിക പ്രവർത്തകരാണ്.
ചിത്രത്തിൽ സിജിഐ ആവശ്യമായ ഏകദേശം 3000 ഷോട്ടുകളുണ്ട്.
അതിൽ 15 എണ്ണത്തിൽ മാത്രമാണ് എഐ ഉപയോഗിച്ചിരിക്കുന്നത്," എന്നായിരുന്നു സുന്ദർ സിയുടെ വാക്കുകൾ.
മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗത്തിൽ നയൻതാര വീണ്ടും ടൈറ്റിൽ കഥാപാത്രമായി എത്തുന്നു.
ഇത്തവണ ദേവിയുടെ വേഷത്തിനൊപ്പം ഒരു പൊലീസ് ഉദ്യോഗസ്ഥയായും താരം അഭിനയിക്കുന്നുണ്ട്.
റജീന കസാൻഡ്രയാണ് ചിത്രത്തിലെ പ്രതിനായികയായി എത്തുന്നത്.
ദുനിയ വിജയ് ആണ് മറ്റൊരു പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഊർവശി, യോഗി ബാബു, അഭിനയ, രാമചന്ദ്ര രാജു, മൈന നന്ദിനി, സിങ്കംപുലി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ആദ്യഭാഗം സംവിധാനം ചെയ്ത ആർ.ജെ. ബാലാജിക്ക് പകരം രണ്ടാം ഭാഗത്തിന്റെ സംവിധാനച്ചുമതല ഏറ്റെടുത്തിരിക്കുന്നത് സുന്ദർ സിയാണ്.
വലിയ താരനിരയും മികച്ച വിഷ്വൽ ഇഫക്ട്സും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്., നയൻതാരയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മൂക്കുത്തി അമ്മൻ 2' നവംബർ 6-ന് തിയേറ്ററുകളിലെത്തും.
നവംബർ 5-ന് തിരഞ്ഞെടുത്ത തിയേറ്ററുകളിൽ പെയ്ഡ് പ്രീമിയർ ഷോകളും സംഘടിപ്പിക്കുന്നുണ്ട്.






