പാലക്കാട്: കൂറ്റനാടില്‍ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റു റോഡരികില്‍ രക്തംവാര്‍ന്നു കിടന്ന വയോധികന് ദാരുണാന്ത്യം.
കൂറ്റനാട് തൊഴുക്കാട് തേവര്‍പ്പറമ്പില്‍ അബൂബക്കര്‍ (66) ആണ് മരിച്ചത്. കൂറ്റനാട് എടപ്പാള്‍ റോഡില്‍ വട്ടേനാട് സ്കൂളിനു സമീപം കഴിഞ്ഞദിവസം വൈകിട്ടായിരുന്നു നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം നടന്നത്.
കൂറ്റനാട് ന്യൂ ബസാറിലേക്ക് ഡോക്ടറെ കാണാന്‍ നടന്നുപോകുകയായിരുന്ന അബൂബക്കറിനെ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചിട്ടു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് രക്തം വാര്‍ന്നൊഴുകി കിടന്നപ്പോള്‍, ജീവന് രക്ഷിക്കാനായി നാട്ടുകാര്‍ നടത്തിയ നെട്ടോട്ടം മുഴുവന്‍ വിഫലമായി മാറുകയായിരുന്നു.
പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും എത്താന്‍ വൈകിയതോടെ നാട്ടുകാര്‍ കടുത്ത പ്രതിസന്ധിയിലായി. ഒടുവില്‍ അപകടത്തിനിടയാക്കിയ കാറില്‍ത്തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും, അപകടത്തിന്റെ ആഘാതത്തിലും ഭയത്തിലും ഡ്രൈവര്‍ക്ക് വണ്ടി സ്റ്റാര്‍ട്ട് ചെയ്യാനോ ഓടിക്കാനോ സാധിക്കാത്ത അവസ്ഥയായിരുന്നു.
മറ്റൊരു ഡ്രൈവറെ പെട്ടെന്ന് കണ്ടെത്താനും കഴിയാതെ വന്നതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലായി. ഈ നിര്‍ണായക സമയത്ത് അതുവഴികടന്നുപോയ വാഹനങ്ങള്‍ക്കെല്ലാം നാട്ടുകാര്‍ കൈകാണിച്ചു കൈകൂപ്പി സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും, ആരും വാഹനം നിര്‍ത്താന്‍ പോലും കൂട്ടാക്കാതെ കടന്നുകളയുകയായിരുന്നു.
ഒടുവില്‍ ഏറെ വൈകിയാണ് സമീപപ്രദേശത്തുനിന്നും മറ്റൊരു ഡ്രൈവറെ എത്തിച്ച്, അപകടത്തില്‍പ്പെട്ട അതേ കാറില്‍ത്തന്നെ അബൂബക്കറിനെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാനായത്. തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുന്നംകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അബൂബക്കറിന്റെ ജീവന് പൊലിഞ്ഞത്. ദീര്‍ഘകാലം പ്രവാസിയായിരുന്ന അദ്ദേഹം കൂനംമൂച്ചിയിലെ ഒരു ഹോട്ടലില്‍ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.
സംഭവത്തില്‍ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കദീജയാണ് ഭാര്യ; അക്ബര്‍, അമീറ, അന്‍സിറ എന്നിവര്‍ മക്കളും, സാക്കിറ മരുമകളുമാണ്. അബൂബക്കറിന്റെ മൃതദേഹം മാരായംകുന്ന് പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു.






