കോഴിക്കോട്: 'അവരങ്ങനെ പറഞ്ഞോട്ടെ, പാർട്ടി എന്താണെന്ന് നാട്ടുകാർക്ക് അറിയാമല്ലോ' എന്നു കരുതി
മാറിനില്‍ക്കരുത് കോഴിക്കോട്ടെ വിശാല സംസ്ഥാന സമിതിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.
ബേബി അവതരിപ്പിച്ച പ്രധാന കാര്യങ്ങളില്‍ ചിലത് ഇങ്ങനെ.............
1. ആദരവോടെ സ്വീകരിക്കേണ്ടവ
കമ്യൂണിസ്റ്റ് പാർട്ടി സുശക്തമായി നിലകൊള്ളണമെന്നും ഈ പാർട്ടി നശിച്ചാല്‍ അടിസ്ഥാന വിഭാഗങ്ങള്‍ക്ക് പിന്നെ ആശ്രയം ആര് എന്നുമുള്ള ഉത്തമ ചിന്തയില്‍ നിന്നുണ്ടാകുന്ന വിമർശനങ്ങള്‍. ഈ വിമർശനങ്ങളെ ആവേശത്തോടെയും ആദരവോടെയും കമ്യൂണിസ്റ്റുകള്‍ സ്വീകരിക്കണം.
2. തെറ്റിദ്ധരിച്ച് വിമർശിക്കുന്നവർ
വ്യാജ പ്രതീതി നിർമിതികളിലും വ്യാജപ്രചാരണങ്ങളിലും തെറ്റിദ്ധരിച്ചും പരിഭ്രാന്തരായും വിമർശനവുമായി ഇറങ്ങിപ്പുറപ്പെട്ടവർ. ഇവരോട് തട്ടിക്കയറുന്നതിനു പകരം ശാന്തമായി കേള്‍ക്കുകയും യുക്തിപരമായി വിശദീകരിച്ചു നല്‍കുകയും ചെയ്യണം. അതോടെ കാര്യങ്ങള്‍ മനസ്സിലാകും.
3. മറുപടി പറയേണ്ട വിമർശനങ്ങള്‍
പ്രസ്ഥാനത്തെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പാർട്ടിയെ കരിവാരിത്തേക്കാനും നേതൃത്വത്തെ തേജോവധം ചെയ്യാനും ഇറങ്ങിപ്പുറപ്പെട്ടവർ. പ്രസ്ഥാനത്തെ തലയ്ക്കടിച്ചുതന്നെ നശിപ്പിക്കണമെന്നാണ് ഇവരുടെ വിചാരം.
ഈ ഘട്ടങ്ങളില്‍ 'അവരങ്ങനെ പറഞ്ഞോട്ടെ, പാർട്ടി എന്താണെന്ന് നാട്ടുകാർക്ക് അറിയാമല്ലോ' എന്നു കരുതി മാറിനില്ക്കാതെ മറുപടി പറയേണ്ടിടത്ത് പറഞ്ഞു തന്നെ മുന്നോട്ടു പോകണം
തെരഞ്ഞെടുപ്പ് കാലത്ത് ആർ.എസ്.എസുമായി സി.പി.എമ്മിന് ബന്ധമുണ്ടെന്ന പ്രചാരണം ഉദാഹരണം. ഇത് കുറെ പേർ വിശ്വസിക്കുകയും പ്രചാരണം ആളുകളില്‍ സ്വാധീനം ചെലുത്തുകയും ചെയ്തു.
ഇതൊന്നും മറുപടി അർഹിക്കുന്നില്ല എന്നൊക്കെ തോന്നാമെങ്കിലും അപകടകരമായ ഈ പ്രതീതി നിർമാണ ഘട്ടത്തില്‍ അങ്ങനെ ഒരു നിലപാട് പാർട്ടി സ്വീകരിക്കരുത്.
പലർക്കും ഇക്കാര്യം അറിയില്ല. ബോധപൂർവം പാർട്ടിക്കെതിരെ കെട്ടിച്ചമച്ച ആക്ഷേപങ്ങളും ആരോപണങ്ങളുമാണെങ്കിലും ചില ആളുകള്‍ക്കെങ്കിലും ആശയക്കുഴപ്പമുണ്ടാകാം. അതുകൊണ്ട് മറുപടി പറയുക തന്നെ വേണം.
4. പാർട്ടിയിലെ സ്വയംവിമർശനം
പാർട്ടിയില്‍ തന്നെയുള്ള വിമർശനം. പാർട്ടി നയത്തെയും പ്രവർത്തന ശൈലിയെയും പാർട്ടി സഖാക്കളുടെ ജീവിതത്തെയുമെല്ലാം സ്വയം വിമർശനം നടത്തണം. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ അനുസരിച്ച് ജീവിക്കാനാകുന്നുണ്ടോ എന്നത് വിമർശന വിധേയമാകണം. വീഴ്ചകള്‍ പരസ്പരം ചൂണ്ടിക്കാട്ടണം.
തെറ്റു കണ്ടാല്‍ 'സഖാവില്നിന്ന് ഇത് പ്രതീക്ഷിച്ചില്ല' എന്നുതന്നെ പറയണം. അതേസമയം, പാർട്ടി ഘടകങ്ങളില്‍ നടത്തേണ്ട വിമർശനം പുറത്തു പറയുന്നത് കമ്യൂണിസ്റ്റ് ശൈലിക്ക് നിരക്കുന്നതല്ല. പാർട്ടി ഘടകങ്ങളില്‍ സ്വതന്ത്രമായും സത്യസന്ധമായും നിർഭയമായും വിമർശനവും സ്വയം വിമർശനവും നടക്കണം.






