തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ തീരുമാനമായി.
കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷന്റെ കീഴില്‍ കോണ്‍ട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെല്‍ത്ത് സർവീസസിന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും.
സെക്രട്ടേറിയറ്റില്‍ തൊഴില്‍ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചർച്ചയില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരും സർവീസ് കോണ്‍ട്രാക്ടറായ ഇ എം ആർ ഐ ഗ്രീൻ ഹെല്‍ത്ത് സർവീസസ് പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ബോണസ് വിഷയത്തില്‍ സമവായത്തിലെത്തിയത്. ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളും ഒപ്പു വച്ചു.
108 ആംബുലൻസ് സേവനത്തിന്റെ സുഗമമായ പ്രവർത്തനത്തില്‍ ജീവനക്കാർ വഹിക്കുന്ന നിർണ്ണായക പങ്കിനെ സംസ്ഥാന സർക്കാർ വിലമതിക്കുന്നതായി മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.
പൊതുജനങ്ങളുടെ ജീവനും ആരോഗ്യത്തിനും പൂർണ്ണ സംരക്ഷണം ഉറപ്പാക്കാൻ തൊഴിലാളികള്‍ക്കും മാനേജ്മെന്റിനും സംസ്ഥാന സർക്കാർ പൂർണ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്നും പിന്മാറുന്നതായി ട്രേഡ് യൂണിയൻ നേതാക്കള്‍ അറിയിച്ചു.
ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ, അഡീഷണല്‍ ലേബർ കമ്മീഷണർ ബീനാ മോള് വർഗീസ്, ജില്ലാ ലേബർ ഓഫീസർമാർമാരായ രജിത, ചിത്രാ രാജൻ,കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ ജനറല്‍ മാനേജർ രാകേഷ് ആർ യു, ഡപ്യൂട്ടി ജനറല്‍ മാനേജർ മിബിൻ ബാബു എം, മാനേജ്മെന്റ് പ്രതിനിധികളായ ശരവണൻ എ, ജിതിൻ മാത്യു, തൊഴിലാളി യൂണിയൻ പ്രതിനിധികളായ ആർ. ചന്ദ്രശേഖരൻ, വി ജെ ജോസഫ്, ജാക്സണ് ജേക്കബ്, രാജീസ് വി ആർ, താന്നിവിള സതി, വി ശിവദാസ് തുടങ്ങിയവർ ചർച്ചയില്‍ പങ്കെടുത്തു.






